ഉദ്ഘാടനത്തിനൊരുങ്ങി മണിക്കല്‍ പാലം
ആലക്കോട്: നിര്‍മാണം പൂര്‍ത്തിയായ മണിക്കല്‍ പാലം ഉദ്ഘാടനത്തിനൊരുങ്ങി. 14 കോടി രൂപ ചെലവഴിച്ചാണ് എരുവാട്ടി പുഴയ്ക്കു കുറുകെ പാലം നിര്‍മിച്ചത്. മലയോരത്തെ ആറു പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കു നേരിട്ട് ഉപകാരപ്പെടുന്ന രീതിയിലാണു പാലം നിര്‍മിച്ചത്.
പഴയങ്ങാടി, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍, ഏഴിമല നാവിക അക്കാദമി, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്കു മലയോരത്തു നിന്നു എളുപ്പത്തില്‍ എത്താനാകും. 11 മീറ്റര്‍ വീതിയിലും 180 മീറ്റര്‍ നീളത്തിലുമായി നിര്‍മിച്ച പാലത്തിന്റെ ഇരു കരകളിലുമായി 378 മീറ്റര്‍ നീളത്തിലാണ് അപ്രോച്ച് റോഡ് നിര്‍മിച്ചത്.
കാസര്‍കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജാസ്മിന് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ആറു മാസം കൊണ്ടു പാലം പണി പൂര്‍ത്തിയാക്കിയത്. മണിക്കല്‍ മുതല്‍ തടിക്കടവ് വരെ രണ്ടര കിലോ മീറ്റര്‍ ദൂരത്തില്‍ മെക്കാഡം ടാറിങും പൂര്‍ത്തിയാക്കി. പാലം വന്നതോടെ തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ നിന്നു മീന്‍പറ്റി, തടിക്കടവു വഴി മണിക്കലിലേക്കും നിലവിലുള്ള പഞ്ചായത്ത് റോഡുകള്‍ വികസിപ്പിച്ച് ഇരിട്ടി, ശ്രീകണ്ഠപുരം മേഖലയിലേക്കും ചുരുങ്ങിയ ദൂരത്തില്‍ യാത്ര ചെയ്യാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."