സമഗ്ര കാന്‍സര്‍ വിമുക്തി
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് സമഗ്ര കാന്‍സര്‍ വിമുക്ത പദ്ധതിക്കു രൂപം നല്‍കുന്നു. ജില്ലാ പഞ്ചായത്തും ബ്ലോക്കു പഞ്ചായത്തുകളും ഗ്രാമ പഞ്ചായത്തുകളും ചേര്‍ന്നുള്ള വിപുലമായ പദ്ധതിക്കാണ് ജില്ലാ പഞ്ചായത്ത് രൂപം നല്‍കാനിരിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ തനതു ഫണ്ടും എം.പിമാരുടെയും എം.എല്‍.എമാരുടെയും ഫണ്ടുകളും ഉപയോഗപ്പെടുത്തിയാവും പദ്ധതി നടപ്പാക്കുക. സന്നദ്ധ സംഘടനകളും വ്യക്തികളും സംഘടനകളും നല്‍കുന്ന ഫണ്ടുകളും ഉപയോഗപ്പെടുത്തുവാനും ഉദ്ദേശമുണ്ട്. കാന്‍സര്‍ രോഗം വ്യാപകമാവുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് സമഗ്ര കാന്‍സര്‍ വിമുക്ത പദ്ധതിക്കു രൂപം നല്‍കുന്നത്. നിലവില്‍ ജില്ലയില്‍ ഗ്രാമ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
കൂടാതെ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തിലും കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതെല്ലാം ഏകോപിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കാണു ജില്ലാ പഞ്ചായത്ത് രൂപം നല്‍കുന്നത്. എല്ലാ പഞ്ചായത്തുകളിലും സാമ്പിള്‍ സര്‍വേയും പിന്നീട് ചികിത്സയും തുടര്‍ ചികിത്സയുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ആശുപത്രികള്‍ വഴിയും പി.എച്ച്.സികളും സി.എച്ച്.സികളും വഴിയാണ് ചികിത്സയും തുടര്‍ ചികിത്സയും ലഭ്യമാക്കുക. ജില്ലാ പഞ്ചായത്തും പി.കെ ശ്രീമതി എം.പിയും ഇതു സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. പദ്ധതിക്ക് നല്‍കാനാവുന്നത്രയും ഫണ്ട് അനുവദിക്കാമെന്ന് പി.കെ ശ്രീമതി എം.പി ജില്ലാ പഞ്ചായത്തിനു ഉറപ്പ് നല്‍കിയിട്ടുണ്ട്. കാന്‍സര്‍ രോഗം നേരത്തെ കണ്ടെത്താനാകാത്തതാണ് രോഗികളില്‍ പ്രശ്‌നം സൃഷ്ടിക്കുന്നത്. ഇതു മറികടക്കാന്‍ ഇടക്കിടെയുള്ള മെഡിക്കല്‍ ക്യാംപുകളിലൂടെ സാധ്യമാവുമെന്നതിനാല്‍ ഇതിനാവും പദ്ധതിയില്‍ പ്രാമുഖ്യം നല്‍കുക. പദ്ധതി നടത്തിപ്പിന്റെ പ്രാഥമിക ചര്‍ച്ചകളിലെല്ലാം മെഡിക്കല്‍ ക്യാംപുകളും ചികിത്സയും സൗജന്യമായി നല്‍കണമെന്ന് ആവശ്യമുയര്‍ന്നതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."