'ഇനി ഞങ്ങള്‍ പറയാം', കുടുംബശ്രീ വഞ്ചിച്ചു...
തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ സമ്മാനം വാഗ്ദാനം ചെയ്ത് കുടുംബശ്രീ മിഷന്‍ തങ്ങളെ വഞ്ചിച്ചെന്ന് സി.ഡി.എസ്സുകള്‍. 'ഇനി ഞങ്ങള്‍ പറയാം' റിയാലിറ്റി ഷോ വിജയികളെയാണ് കഴിഞ്ഞ ഒന്നരവര്‍ഷമായി സമ്മാനത്തുക നല്‍കാതെ കുടുംബശ്രീ വഞ്ചിക്കുന്നത്. ഓരോരോ കാരണങ്ങള്‍ പറഞ്ഞ് സമ്മാനത്തുക നല്‍കല്‍ വൈകിപ്പിക്കുകയാണ് അധികൃതര്‍.
2015 സെപ്തംബറില്‍ കൊട്ടിഘോഷിച്ച് നടത്തിയ അവാര്‍ഡ്ദാന ചടങ്ങില്‍ സമ്മാനത്തുകയുടെ ചെക്കിന്റെ മാതൃക നല്‍കിയെങ്കിലും ഇതുവരെ നയാപൈസ വിജയികള്‍ക്ക് കിട്ടിയില്ല. നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനാല്‍ നാളെ തിരുവനന്തപുരത്ത് നടക്കുന്ന കുടുംബശ്രീ സമാഗമത്തില്‍ വകുപ്പ് മന്ത്രിയെ നേരിട്ട് പ്രതിഷേധമറിയിക്കാനൊരുങ്ങുകയാണ് വനിതകള്‍.
കുടുംബശ്രീ ദൂരദര്‍ശനുമായി ചേര്‍ന്ന് സംസ്ഥാനടിസ്ഥാനത്തില്‍ നടത്തിയ റിയാലിറ്റി ഷോയില്‍ കോടിക്കണക്കിന് രൂപയുടെ പുരസ്‌കാരങ്ങളായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഗ്രാമീണ വിഭാഗത്തില്‍ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനര്‍ഹരായത് കഞ്ഞിക്കുഴി സി.ഡി.എസായിരുന്നു. രണ്ടാംസമ്മാനമായ 30 ലക്ഷം കോഴിക്കോട് ചാത്തമംഗലം സി.ഡി.എസും, മൂന്നാമതെത്തിയ ആലത്തൂര്‍ സി.ഡി.എസ് 25 ലക്ഷവും നേടി.
നഗര വിഭാഗത്തില്‍ മലപ്പുറം സി.ഡി.എസ് ഒന്നാമതും കാസര്‍കോട് രണ്ടാമതുമെത്തി. പ്രത്യേകം ആശയം മുന്നോട്ടുവച്ചതിന് മലപ്പുറം ജില്ലയിലെ വഴിക്കടവിനും ഫൈനലിലെത്തിയ അഞ്ച് സി.ഡി.എസുകള്‍ക്കും പ്രത്യേകം സമ്മാനം പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ പഞ്ചായത്ത് അടിസ്ഥാനത്തിലും അഞ്ചുലക്ഷംരൂപ വീതം പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചിരുന്നു.
2014 മാര്‍ച്ച് മുതല്‍ ദൂരദര്‍ശനില്‍ ആരംഭിച്ച റിയാലിറ്റി ഷോയില്‍ 70 സി.ഡി.എസുകള്‍ ഫൈനല്‍ റൗണ്ടിലെത്തി. സി.ഡി.എസ്സുകളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയാണ് സമ്മാനര്‍ഹരെ കണ്ടെത്തിയത്. 2015 സെപ്തംബര്‍ 16ന് തിരുവനന്തപുരം ദൂരദര്‍ശനില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് എസ.്ബി.ടിയുടെ ചെക്കുകളുടെ വലിയ മാതൃക അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈമാറിയിരുന്നു.
മാസങ്ങളായിട്ടും യഥാര്‍ഥ ചെക്കു ലഭിക്കാത്തതു സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ ഈ തുക എങ്ങിനെ ചെലവഴിക്കുമെന്ന വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കുടുംബശ്രീ വിജയികളോട് ആവശ്യപ്പെട്ടത്. മത്സര നിബന്ധനകളില്‍ ഇങ്ങനെയൊന്ന് ആദ്യം പറഞ്ഞിരുന്നില്ലെങ്കിലും സമ്മാനര്‍ഹരെല്ലാം കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തന്നെ ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. എന്നിട്ടും ഇതുവരെ പണം ലഭിച്ചില്ലെന്ന് വിജയികള്‍ പറയുന്നു.
ചെക്കിന്റെ മാതൃക നല്‍കി സി.ഡി.എസ്സുകാരെ പറ്റിച്ചത് തെരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷം പ്രചരണായുധമാക്കിയിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് അധികാരത്തിലേറി ഒന്‍പതുമാസമായിട്ടും ഇതുവരെ പണം നല്‍കിയില്ല. സ്ത്രീശാക്തീകരണത്തിനായി ആരംഭിച്ച കുടുംബശ്രീ തന്നെ ഇത്തരത്തില്‍ വനിതകളെ കബളിപ്പിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാവുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."