ഫൈസല്‍വധം: മുഖ്യ പ്രതികളെ ഇന്ന് പൊലിസ് കസ്റ്റഡിയില്‍ വാങ്ങും
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇന്ന് പൊലിസ് കസ്റ്റഡിയില്‍ വാങ്ങും. ഇവരെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച പരപ്പനങ്ങാടി കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരൂര്‍ മംഗലം പുല്ലൂണി സ്വദേശികളായ കാരാട്ടുകടവ് കണക്കന്‍ പ്രജീഷ് എന്ന ബാബു (32), തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (26), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയന്‍കാവ് പറമ്പ് ശ്രീകേഷ് എന്ന അപ്പു (26) എന്നിവരെ ശനിയാഴ്ച തിരൂര്‍ സബ്ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയിരുന്നു. ദൃക്‌സാക്ഷികളായ ആറുപേരും പ്രതികളെ തിരിച്ചറിയുകയും ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ തെളിവെടുപ്പ് നടത്തും.
അതേസമയം മൂന്നു പ്രതികളും സംഘ് പരിവാറിന്റെ ക്രിമിനല്‍ സംഘത്തില്‍ പെട്ടവരാണെന്ന് നാട്ടുകാര്‍ പറയുന്നു. ഫൈസല്‍ വധക്കേസില്‍ ഇതിനകം പതിനൊന്നുപേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൃത്യം നിര്‍വഹിച്ച മറ്റൊരു പ്രതിയെയും പ്രധാന സൂത്രധാരന്‍ തിരൂര്‍ മഠത്തില്‍ നാരായണനെയും പിടികൂടാനുണ്ട്. ഗൂഢാലോചന നടത്തിയതിന് ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് ( 32), കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നീ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ കഴിഞ്ഞ 19 നാണ് കൊടിഞ്ഞി പുല്ലാണി അനന്തകൃഷ്ണന്‍ നായര്‍, മീനാക്ഷി ദമ്പതികളുടെ മകനായ ഫൈസല്‍ (30) കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെട്ടേറ്റുമരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."