ചേകാടിപാലം തുറക്കാന്‍ ഇനിയും നടപടിയായില്ല
പുല്‍പ്പള്ളി: അപ്രോച്ച് റോഡിന്റെ നിര്‍മാണം ആരംഭിക്കാത്തത് കാരണം ചേകാടി പാലം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നില്ല. ചേകാടി മുതല്‍ പാലം വരെയുള്ള 700 മീറ്റര്ദൂരമുള്ള അപ്രോച്ച് റോഡാണ് കരാറുകരന്റെ അനാസ്ഥയെ തുടര്‍ന്ന് പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്നത്.
അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പാലത്തിന്റെ നിര്‍മാണം ആറ് വര്‍ഷത്തിന് ശേഷം പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡിന്റെ നിര്‍മാണം വൈകിയതിനാല്‍ നിര്‍മാണ പ്രവൃത്തികള്‍ നിലച്ച അവസ്ഥയാണ്. നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ പുതിയ ടെന്‍ഡര്‍ ചെയ്താല്‍ മാത്രമെ, ഇനിയും പ്രവൃത്തികള്‍ തുടങ്ങാന്‍ കഴിയൂ.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളുടെ വികസനത്തിന് ഏറെ പ്രാധാന്യമുള്ള പാലമായിട്ടുപോലും പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.
ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരുടെ ഉദാസീനതയാണ് പാലത്തിന്റെ നിര്‍മാണം വൈകാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പാലം തുറന്ന് കൊടുക്കുന്നതോടെ മൈസൂര്‍, കുടക് മേഖലകളിലേക്ക് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന റോഡുകൂടിയാണിത്. നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുമ്പില്‍ പ്രക്ഷോഭപരിപാടി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. എട്ടുകോടി രൂപ ചെലവില്‍ ഏഴ് വര്‍ഷം മുമ്പാണ് പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്.
പുല്‍പ്പള്ളി മേഖലയുടെ വികസനത്തിന് ഏറെ പ്രധാനമായ ചേകാടിപാലം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."