ഓര്‍മകളില്‍ ആധുനിക ബത്തേരിയുടെ ശില്‍പി
സുല്‍ത്താന്‍ ബത്തേരി: മൂന്നു പതിറ്റാണ്ടുകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് പദവിയിലിരുന്ന മുസ്‌ലിം ലീഗ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.സി അഹമ്മദ് ഹാജി വയനാടിന്റെയും സുല്‍ത്താന്‍ ബത്തേരിയുടെയും സമഗ്രവികസനത്തിലും പുരോഗതിയിലും സുപ്രധാന പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു. പഞ്ചായത്ത് ഓഫിസ് കെട്ടിടം, ബസ് സ്റ്റാന്‍ഡ്, മത്സ്യ-മാംസ മാര്‍ക്കറ്റ്, താലൂക്ക് ഗവ. ആശുപത്രി, പഞ്ചായത്ത് സ്റ്റേഡിയം, കമ്മ്യൂനിറ്റി ഹാള്‍, കേരളത്തിലെ ആദ്യത്തെ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, കേരളത്തിലെ ആദ്യത്തെ ലക്ഷംവീട് കോളനി തുടങ്ങി ഒട്ടേറെ ചെറുതും വലുതുമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞ പി.സി ആധുനിക സുല്‍ത്താന്‍ ബത്തേരിയുടെ ശില്‍പ്പിയാണ്.
വയനാടിന്റെ മത, സാംസ്‌കാരിക, വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിലും പി.സിയുടെ സംഭാവനകള്‍ നിരവധിയുണ്ട്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള ചൊക്ലിയില്‍ കാഞ്ഞിരാണ്ടി അബ്ദുവിന്റെയും കുഞ്ഞിപ്പാത്തുവിന്റെയും മകനായി 1938ലായിരുന്നു പി.സിയുടെ ജനനം. മാഹി ഹൈസ്‌കൂളില്‍നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടി. പിതാവ് 1948ല്‍ കാളവണ്ടിയില്‍ ചുരംകയറി വയനാട്ടിലെത്തി കാഞ്ഞിരാണ്ടി എന്ന പേരില്‍ തുണിക്കടയും മലഞ്ചരക്കുകടയും തുടങ്ങി. 1965ല്‍ പിതാവിനെ സഹായിക്കാനാണ് പി.സി ബത്തേരിയില്‍ എത്തിയത്. സ്‌കൂള്‍ കാലത്തുതന്നെ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി പ്രവര്‍ത്തിച്ചു. 1978വരെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ തുടര്‍ന്നു. തുടര്‍ന്ന് 1979ല്‍ അദ്ദേഹം മുസ്‌ലിം ലീഗില്‍ ചേരുകയായിരുന്നു.
30 വര്‍ഷം സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് മെമ്പറായി സേവനമനുഷ്ഠിച്ചു. 28 വര്‍ഷം പഞ്ചായത്ത് പ്രസിഡന്റുമായി. മുസ്‌ലിം ലീഗ് ബത്തേരി പഞ്ചായത്ത് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ്, ജില്ലാ ജന. സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ട്രഷറര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മുസ്‌ലിം കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സ്ഥാപകനും മരണം വരെ അതിന്റെ ചെയര്‍മാനുമായിരുന്നു. വയനാട് മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപകനായ പി.സി 35 വര്‍ഷം അതിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 35 വര്‍ഷം എം.ഇ.എസ് വയനാട് ജില്ലാ പ്രസിഡന്റായ പി.സി അതേ കാലയളവില്‍ ബത്തേരി എം.ഇ.എസ് ആശുപത്രിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. വോളിബോളിനെ ഏറെ ഇഷ്ടപ്പെട്ട അദ്ദേഹം 2011 മെയ് 29നാണ് അന്തരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."