ക്രിസ്തുമസ് വിപണിയിലും നോട്ട് പ്രതിസന്ധി
കൊച്ചി: ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ നോട്ട് ദാരിദ്ര്യത്തില്‍ കുടുങ്ങി. ക്രിസ്തുമസ്, പുതുവത്സര വിപണി പ്രതീക്ഷിച്ചു സാധനങ്ങള്‍ കടകളില്‍ നിറച്ച വ്യാപാരികള്‍ നിരാശയിലാണ്. മിക്കയിടങ്ങളിലും കച്ചവടം പകുതിയായി കുറഞ്ഞു. ക്രിസ്തുമസിന് അഞ്ചു ദിവസങ്ങള്‍ മാത്രം ശേഷിക്കവെ വ്യാപാരസ്ഥാപനങ്ങളിലൊന്നിലും തിരക്കില്ല. ഇത്തവണത്തെ കട വാടക പോലും നല്‍കാന്‍ കഴിയില്ലെന്ന അവസ്ഥയിലാണു വ്യാപാരികള്‍.
ക്രിസ്തുമസിന് ഒഴിവാക്കാന്‍ കഴിയാത്ത കേക്ക് വിപണി പോലും ഇതുവരെ ഉണര്‍ന്നില്ല.
വസ്ത്ര വ്യാപാരവും കാര്‍ഡ് വിപണിയിലുമെല്ലാം മാന്ദ്യം പ്രകടം. ജില്ലയിലെ മിക്ക എ.ടി.എമ്മുകളും കാലിയായിക്കിടക്കുന്നതും ബാങ്കുകളില്‍ നിന്നു പിന്‍വലിക്കുന്ന പണത്തിന്റെ അളവു കുറച്ചതും വിപണിയെ കാര്യമായി സ്വാധീനിച്ചു.
നാമമാത്രമായ എ.ടി.എമ്മുകളിലുണ്ടായിരുന്ന നൂറിന്റെ നോട്ടുകള്‍ ഞായറാഴ്ച ഉച്ചയോടെ തീര്‍ന്നു. ഇന്നലെയും എ.ടി.എമ്മുകളില്‍ ചില്ലറ ലഭ്യമായില്ല. രണ്ടായിരം ലഭിച്ചുകൊണ്ടിരുന്ന പല എ.ടി.എമ്മുകളും ഷട്ടറിട്ടു. ഇതോടെ അവധിദിനത്തിലെ ക്രിസ്തുമസ് വിപണി മാന്ദ്യത്തിലായി. 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്നുണ്ടായ മാന്ദ്യം ക്രിസ്തുമസ് വിപണിയോടെ മാറുമെന്നാണു വ്യാപാരികള്‍ പ്രതീക്ഷിച്ചിരുന്നത്.
ക്രിസ്തുമസിനു മുമ്പുള്ള അവസാനത്തെ ഞായറാഴ്ചകളില്‍ നഗരം സാധാരണ ജനത്തിരക്കില്‍ വീര്‍പ്പുമുട്ടാറുണ്ട്. എന്നാല്‍, കഴിഞ്ഞ ഞായറാഴ്ച നിരത്തുകള്‍ വിജനമായിരുന്നു. കേക്കിന്റെ വില്‍പന പോലും നടക്കുന്നില്ലെന്ന് ബേക്കറി ഉടമകള്‍ പറഞ്ഞു.
ആവശ്യത്തിന് നോട്ടുകള്‍ എത്താത്തത് ബാങ്കുകളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നു. ജില്ലയിലെ മിക്ക ബാങ്കുകളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
ഇടപാടുകാരും ബാങ്ക് ജീവനക്കാരുമായുള്ള വാക്കുതര്‍ക്കം പതിവായി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 24000 രൂപ തികച്ചു നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയാത്തത് ഇടപാടുകാരും ജീവനക്കാരുമായി തര്‍ക്കത്തിനു കാരണമാകുന്നു. അക്കൗണ്ട് ഉള്ളവര്‍ക്ക് പരമാവധി 10000 രൂപ വരെയാണ് നല്‍കുന്നത്. ഗ്രാമപ്രദേശങ്ങളിലെ ശാഖകളില്‍ അയ്യായിരത്തില്‍ താഴെയാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."