കരുതിവയ്ക്കാം ഒരു തുള്ളി കൂടി...
മുതുവടത്തൂരിലെ പാറക്കുളം സംരക്ഷിച്ചാല്‍ തീരുന്നത് രണ്ട് പഞ്ചായത്തുകളിലെ ജലക്ഷാമം
എടച്ചേരി: ഉത്തരവാദപ്പെട്ട അധികാരികളാല്‍ ശ്രദ്ധിക്കപ്പെടാത്തതിനാല്‍ ഉപയോഗശൂന്യമായി കിടക്കുകയാണ് ജലസംഭരണികൂടിയായ വലിയ ജലസ്രോതസ്. വേണ്ട വിധം സംരക്ഷിച്ചാല്‍ നല്ല ശുദ്ധജല വിതരണ കേന്ദ്രമാക്കി മാറ്റാവുന്ന പുറമേരി പഞ്ചായത്തിലെ മുതുവടത്തൂരിലെ പാറക്കുളമാണ് പരിസരവാസികള്‍ ഇപ്പോള്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി ഉപയോഗിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖനനം നിര്‍ത്തിയ, ഈ പാറമട ഏറെക്കാലമായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയാണ്.
എടച്ചേരി പഞ്ചായത്തിലെ തലായിയിലെ കാരക്കോത്ത് മുക്കില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുളള ദൂരം. അതുകൊണ്ട് തന്നെ എടച്ചേരി പഞ്ചായത്തിലെ ജലക്ഷാമവും ഈ പാറമടയിലെ ജലം കൊണ്ട് പരിഹരിക്കാവുന്നതാണ്. ജലനിധി വിജയകരമായി ഈ രണ്ടു പഞ്ചായത്തുകളിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വേനല്‍ക്കാലത്ത് ജലക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ വേനലില്‍ സ്വകാര്യ വ്യക്തികളുടെ കിണറുകളില്‍ നിന്ന് വെളളമെടുത്താണ് ചില സന്നദ്ധ സംഘടനകള്‍ വിവിധ വീടുകളില്‍ കുടി വെളളമെത്തിച്ചത്.
വരുന്ന വേനലില്‍ കുടിവെളള ക്ഷാമം പൂര്‍വാധികം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നിരിക്കേ നാട്ടിന്‍ പുറങ്ങളിലെ ഇത്തരം ജലസ്രോതസുകള്‍ സംരക്ഷിക്കേണ്ടതിനെ കുറിച്ച് അധികൃതര്‍ ആലോചിച്ചിട്ടു പോലുമില്ല.
നൂറോളം ചതുരശ്ര അടിയില്‍ വിശാലമായി കിടക്കുന്ന ഈ പാറക്കുളത്തിന്റെ ഒരു ഭാഗം വന്‍പാറയാണ്. ബാക്കി വരുന്ന മൂന്നു ഭാഗവും പാറക്കല്ല് കൊണ്ട് കെട്ടിപ്പടുത്താല്‍ ഒരുനല്ല ജലസംഭരണിയാക്കി ഇതിനെ മാറ്റാം. മാത്രമല്ല വളരെ ഉയരത്തിലുളള പാറ കുഴിച്ച് വന്‍ ഗര്‍ത്തം രൂപപ്പെട്ടതിനാല്‍ ഇവിടത്തെ കാഴ്ച തന്നെ ഏറെ മനോഹരമാണ്.
30 അടിയോളം താഴ്ചയില്‍ വെളളം കെട്ടിക്കിടക്കുന്ന ഈ കുളത്തില്‍ ഇതിനു മുന്‍പുളള ഒരു വേനലിലും വെളളം വറ്റിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ തങ്ങളുടെ ലോറികള്‍ കഴുകാന്‍ വേണ്ടി ഡ്രൈവര്‍മാര്‍ ഉപയോഗപ്പെടുത്തുന്നതൊഴിച്ചാല്‍ മറ്റു ഗുണങ്ങളൊന്നും ഇതുകൊണ്ട് നാട്ടുകാര്‍ക്ക് ലഭിക്കുന്നില്ല. പുറമേരി പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ പാറക്കുളം ഒരു സ്വകാര്യ വ്യക്തിയുടേതാണ്. പുറമേരി എടച്ചേരി ഗ്രാമപഞ്ചായത്തു ഭരണസമിതി സംയുക്തമായി ആലോചിച്ച് തീരുമാനിച്ചാല്‍ കോഴിക്കോട് ജില്ലയിലെ മറ്റൊരു മാനാഞ്ചിറയാക്കി ഇതിനെ മാറ്റിയെടുക്കാം. അതുവഴി രണ്ടു പഞ്ചായത്തുകളിലെ നുറു കണക്കിന് കുടുംബങ്ങളുടെ ജലക്ഷാമവും പരിഹരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."