യമനിലെ ഏദനില്‍ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ 45 പേര് കൊല്ലപ്പെട്ടു
ദമ്മാം: യമനിലെ ഏതന് നഗരത്തിനു സമീപം നടന്ന ഇരട്ട ചാവേര്‍ ആക്രമണത്തില്‍ 45 പേര് കൊല്ലപ്പെട്ടു. ഏതന് നഗരത്തിന് തെക്ക് ഭാഗത്ത് ആര്‍മി റിക്രൂട്ടിംഗ് നടക്കുന്ന മേഖലയില്‍ നടന്ന സ്ഫോടനത്തില്‍ റിക്രൂട്ടിങ്ങിന് വന്ന യുവാക്കളാണ് കൊല്ലപ്പെട്ടത്. ആര്‍മി റിക്രൂട്ട്മെന്റിന് പുറത്ത് നടന്ന ആദ്യ കാര്‍ ബോംബ് സ്ഫോടനത്തില്‍ കുറഞ്ഞത് ഇരുപത് പേരെങ്കിലും കൊല്ലപ്പെട്ടതായും റിക്രൂട്ട്മെന്റ് നിരയില്‍ കടന്നു കൂടിയ ചാവേര്‍ പൊട്ടിത്തെറിച്ച് 25 ഓളം ആളുകള്‍ കൊല്ലപ്പെട്ടതായും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആര്‍മി റിക്രൂട്ട്മെന്റില്‍ കയറി കൂടിയ ചാവേര്‍ ഷൂസില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിച്ചാണ് ആക്രമണം നടത്തിയത്.
ഐ.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാദേശിക നേതൃത്വത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ആക്രമണങ്ങളെ കുറിച്ച് ഔദ്യോഗിക സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിമത സേനയില്‍ നിന്നും യമനിലെ ഒട്ടുമിക്ക ഭാഗങ്ങളും ഔദ്യോഗിക സേന പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ഐ.എസ്, അല്‍ഖയ്ദ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളുടെ ശക്തമായ സ്വാധീനം അധികൃതരുടെ ഉറക്കം കെടുത്തുകയാണ്. അടുത്ത കാലത്തായി നിരവധി ചാവേര്‍ ആക്രമണങ്ങളാണ് യമനിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."