പെരുവണ്ണാമൂഴി വനമേഖല നായാട്ടുകാരുടെ പിടിയില്‍; വന്‍തോതില്‍ ആയുധങ്ങളും തിരകളും പിടിച്ചെടുത്തു
പേരാമ്പ്ര : മുതുകാട് വനമേഖലയോട് ചേര്‍ന്ന പയ്യാനക്കോട്ടയില്‍ നായാട്ടു സംഘത്തിന്റെ സാന്നിധ്യം സജീവമാകുന്നു. ഇതിനെ ബലപ്പെടുത്തുന്ന രീതിയില്‍ പയ്യാനക്കോട്ട ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതര്‍ നടത്തിയ തെരച്ചലില്‍ നായാട്ടു ഉപകരണങ്ങളുടെ ശേഖരം പിടികൂടി. വെടിയുണ്ടകള്‍ ഉള്‍പെടെയാണ് കണ്ടെത്തിയത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ജലസംഭരണിയിലൂടെ വനം വകുപ്പിന്റെ ബോട്ടില്‍ പെട്രോളിങ്ങ് നടത്തുകയായിരുന്ന വനപാലകരാണ് ഉപകരണങ്ങള്‍ പിടികൂടിയത്. ഇവരുടെ തൊട്ടു മുന്നിലായി നീങ്ങിയ തോണിയെ സംഘം പിന്‍തുടര്‍ന്നു. സംഭവം മനസിലാക്കിയ സംഘം തോണി വഴി മാറ്റി കൊണ്ടു പോവുകയും എസ്റ്റേറ്റില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. പരിസരത്ത് നിന്നും പ്ലാസ്റ്റിക് കവറിനകത്ത് സൂക്ഷിച്ച ആയുധങ്ങള്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത് .
നിരപ്പന്‍ തോക്കുകളില്‍ ഉപയോഗിക്കുന്ന 10 വെടിയുണ്ടകള്‍ സൂക്ഷിച്ച ബെല്‍റ്റ്, രണ്ട് വടിവാളുകള്‍, മൂന്ന് കത്തികള്‍, ടോര്‍ച്ചുകള്‍ എന്നിവയാണ് പിടികൂടിയത്. മൂന്നു പേരടങ്ങിയ നായാട്ടു സംഘമാണ് തോണിയില്‍ ഉണ്ടായിരുന്നതെന്നും ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. ഫോറസ്റ്റ് റെയിഞ്ച് ഓഫിസര്‍മാരായ ഷാജു, രമേശന്‍, ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആയുധങ്ങള്‍ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."