ജില്ലാ പഞ്ചായത്ത് യോഗം: തൊഴിലുറപ്പ് പദ്ധതിക്കായി 133.37 കോടിയുടെ ബജറ്റിന് അംഗീകാരം
കാസര്‍കോട്: ജില്ലയിലെ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2017-18 വര്‍ഷത്തേക്കുള്ള 133.37 കോടി രൂപയുടെ ബജറ്റ് ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചു. അവിദഗ്ദ തൊഴിലാളികളുടെ വേതനത്തിനായി 11231.34 ലക്ഷം രൂപയും സാധനസാമഗ്രികളുടെയും വിദഗ്ധ-അര്‍ദ്ധ വിദഗ്ദ്ധ തൊഴിലാളികളുടെ വേതനമുള്‍പ്പെടെ 2105.88 ലക്ഷം രൂപയും ഉള്‍പ്പെടുന്നതാണു ബജറ്റ്. ജില്ലാപഞ്ചായത്തിന്റെ കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട തുളുഭാഷയും സംസ്‌കാരവും പുനരുജ്ജീവിപ്പിക്കല്‍ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന കന്നട, മലയാളം പുസ്തകങ്ങള്‍ ജനുവരി 26നകം അച്ചടിച്ചു വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു.
അടുത്ത സാമ്പത്തിക വര്‍ഷം തൊഴിലുറപ്പു പദ്ധതിയില്‍ ആസ്തി വികസനത്തിനു കൂടുതല്‍ പരിഗണന നല്‍കണമെന്ന് യോഗം നിര്‍ദേശിച്ചു. പി.എം.ജി.എസ്.വൈ പദ്ധതികളിലുള്‍പ്പെടുത്തിയ റോഡുകളുടെ ടെണ്ടര്‍ നടപടികള്‍ ജില്ലാതലത്തില്‍ നടത്തുന്നതിന് അനുമതി നല്‍കണമെന്നു സംസ്ഥാന സര്‍ക്കാരിനോട് യോഗം ആവശ്യപ്പെട്ടു. നിലവില്‍ തിരുവനന്തപുരത്ത് ചീഫ് എന്‍ജിനീയറുടെ ഓഫിസില്‍ നിന്നാണ് ടെണ്ടര്‍ നടപടി സ്വീകരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജി.എച്ച്.എസ്.എസ് ബാരയില്‍ എം.എല്‍.എയുടെ പ്രാദേശിക വികസന നിധി ഉപയോഗിച്ചു നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കുന്നതിനും പി.ടി.എ ചെലവഴിച്ച തുക അനുവദിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി പാകം ചെയ്യാന്‍ വിറകിനു പകരം എല്‍.പി.ജി ഉപയോഗിക്കുന്നതിനുള്ള സമഗ്ര റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ വിദ്യഭ്യാസ ഉപഡയരക്ടരോട് ആവശ്യപ്പെട്ടു.
ഹരിതകേരള മിഷന് ജില്ലാതല റിസോഴ്‌സ് രൂപീകരിക്കുന്നതിന്റെ ഭാഗമായി നിലവിലുളള ജലസുരക്ഷാ റിസോഴ്‌സ് ഗ്രൂപ്പ് ഹരിതകേരളം റിസോഴ്‌സ് ഗ്രൂപ്പായി വിപുലപ്പെടുത്തും. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ കോളജുകളില്‍ പഠിക്കുന്നതിനുളള ധനസഹായത്തിനുളള ഗുണഭോക്തൃ പട്ടിക അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ മുഴുവന്‍ നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്നും നിശ്ചിത ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥന്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കേണ്ടതാണെന്നും യോഗം നിര്‍ദേശം നല്‍കി.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സെക്രട്ടറി ഇ.പി രാജ്‌മോഹന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ ഹര്‍ഷാദ് വോര്‍ക്കാടി, ഫരീദ സക്കീര്‍ അഹമ്മദ്, അഡ്വ.എ.പി ഉഷ, സുഫൈജ അബൂബക്കര്‍, ഇ പത്മാവതി, ഡോ. വി.പി.പി മുസ്തഫ, എ.കെ.എം അഷ്‌റഫ്, മുഹമ്മദ് കുഞ്ഞി ചായിന്റടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."