നിലമ്പൂരില്‍ കുടിവെള്ളം റോഡിലൂടെ ഒഴുകുന്നു
നിലമ്പൂര്‍: ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്ന നിലമ്പൂര്‍ നഗരസഭയില്‍ ജലഅതോറിറ്റിയുടെ അനാസ്ഥമൂലം കുടിവെള്ളം പാഴാകുന്നു. നിലമ്പൂര്‍ ടൗണില്‍ വില്ലേജ് ഓഫിസിനു മുമ്പിലും ജനതപ്പടിയിലുമാണ് പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുന്നത്. സമീപത്തെ കടയുടമ ജലഅതോറിറ്റിയെ ഒന്നിലധികം തവണ വിവരം അറിയിച്ചിട്ടും ജീവനക്കാര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന ആക്ഷേപമുണ്ട്.
കഴിഞ്ഞദിവസം അറ്റകുറ്റപ്പണി നടത്തിയ അതേസ്ഥലത്താണ് ജനതപ്പടിയില്‍ വീണ്ടും പൈപ്പ് പൊട്ടിയത്. കുടിവെള്ളം റോഡിലൂടെ പരന്ന് ഒഴുകി. മണിക്കൂറുകളും ദിവസവും കഴിഞ്ഞാണ് പലപ്പോഴും പൊട്ടിയ പൈപ്പുകള്‍ നന്നാക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് നിലമ്പൂര്‍. ഉയര്‍ന്ന പ്രദേശത്തെ കുടുംബങ്ങളുടെ ഏക ആശ്രയം ജല അതോറിറ്റിയുടെ കുടിവെള്ളമാണ്. പൈപ്പുകള്‍ നിരന്തരം പൊട്ടുന്നതും നന്നാക്കാന്‍ കാലതാമസം നേരിടുന്നതും കുടുംബങ്ങളെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്. നഗരസഭയിലെ കല്ലേംപാടം, പാടിക്കുന്ന്, സ്കൂള്‍ കുന്ന്, ബംഗ്ലാവ് കുന്ന്, ആശുപത്രിക്കുന്ന്, നെടുമുണ്ടക്കുന്ന് എന്നിവിടങ്ങളില്‍ ജല അതോറിറ്റിയെ ആശ്രയിച്ചാണ് ആയിരത്തോളം കുടുംബങ്ങള്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."