വള്ളിപ്പൂള - ചിങ്കക്കല്ല് റോഡ് നിര്‍മാണം മുടങ്ങി
കാളികാവ്: വള്ളിപ്പൂളയില്‍ നിന്ന് ചിങ്കക്കല്ല് ആദിവാസി കോളനിയിലേക്കുള്ള റോഡ് പണി മുടങ്ങിയ നിലയില്‍. ഗതാഗത യോഗ്യമല്ലാത്ത റോഡിന്റെ പ്രവൃത്തി തടസപ്പെട്ടത് ആദിവാസികള്‍ക്ക് തിരിച്ചടിയായി. റോഡ് പണിക്ക് വനം വകുപ്പ് അനുമതി നല്‍കുന്നില്ലെന്നാണ് കരാറുകാരന്‍ പറയുന്നത്.
25 ലക്ഷം രൂപയാണ് തുക അനുവദിച്ചിട്ടുള്ളത്. 960 മീറ്റര്‍ ഗതാഗത യോഗ്യമാക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. 540 മീറ്റര്‍ ടാര്‍ ചെയ്യാനും 420 മീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്യാനുമാണ് അടങ്കലില്‍ നിര്‍ദേശിച്ചിട്ടുള്ളത്. പണി തുടരാന്‍ വനം വകുപ്പ് അനുവദിക്കുന്നില്ലെന്നാണ് കരാറുകാരന്‍ പറയുന്നത്. വനം വകുപ്പുമായി കരാറുകാരന്‍ ബന്ധപ്പെട്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വനം വകുപ്പിനെ കുറ്റപ്പെടുത്തി പ്രവൃത്തി നടത്താതെ പണം തട്ടാനുള്ള ശ്രമമാണ് കരാറുകാരന്‍ നടത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡ് പണി പൂര്‍ത്തിയാക്കാത്തതിനെതിരെ ജില്ലാ കലക്ടര്‍ ഉള്‍പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അടങ്കലില്‍ ഉള്‍പ്പെടാത്ത കല്ല് പതിച്ച ഭാഗം ടാര്‍ചെയ്യാനുള്ള ശ്രമം നടത്തുന്നതായും നാട്ടുകാര്‍ ആരോപിച്ചു.
ചിങ്കക്കല്ല് കോളനി വനത്തിനുള്ളിലാണ്. സ്ഥലം ആദിവാസികള്‍ക്ക് പതിച്ച് കൊടുത്തിട്ടുണ്ടെങ്കിലും താമസിക്കാനുള്ള അനുമതി മാത്രമാണ് നല്‍കിയിട്ടുള്ളത്.
കോളനിക്ക് മുകളില്‍ സ്വകാര്യ കൃഷി സ്ഥലം കൂടിയുള്ളതിനാല്‍ റോഡ് ഗതാഗതയോഗ്യമാക്കേണ്ടത് ചെറുകിട മലയോര കര്‍ഷകരുടെ ആവശ്യം കൂടിയാണ്.
വനം വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചാല്‍ റോഡ് പണിക്കുള്ള അനുമതി ലഭിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."