വിജിലന്‍സ് പിടിച്ചെടുത്ത തുക മോഹനന് തിരികെ നല്‍കണമെന്ന് കോടതി
മൂവാറ്റുപുഴ: മുന്‍ മന്ത്രി കെ. ബാബുവിന്റെ ബിനാമി എന്നാരോപിച്ച് വിജിലന്‍സ് പിടിച്ചെടുത്ത 6,67,050 രൂപ റോയല്‍ ബേക്കറി ഉടമ മോഹനന് തിരികെ നല്കുവാന് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി. മാധവന് ഉത്തരവായി.
കേസിന്റെ അന്വേഷണം നടക്കുന്നതിനാല്‍ ഈ തുക മോഹനന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ച് സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് തിരികെ കോടതിയില്‍ ഹാജരാക്കണമെന്നും ഉത്തരവിട്ടു. മൂന്ന് വര്‍ഷത്തേക്കാണ് നിക്ഷേപം. കോടതിയുടെ ഉത്തരവില്ലാതെ തുക ബാങ്കില്‍ നിന്നും പിന്‍വലിക്കാനും കഴിയില്ല.
നോട്ട് അസാധുവാക്കല്‍ മൂലം തുക തിരികെ നല്‍കണമെന്ന മോഹനന്റെ ഹരജി കോടതി അനുവദിക്കുകയായിരുന്നു. തന്റെ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കുവാന്‍ സൂക്ഷിച്ചിരുന്ന തുകയാണ് വിജിലന്‍സ് പിടിച്ചെടുത്തതെന്ന് മോഹനന് കോടതി മുന്‍പാകെ വാദിച്ചിരുന്നു.
മോഹനന് മുന്‍ മന്ത്രി കെ. ബാബുവിന്റെ ബിനാമിയാണെന്ന് വിജിലന്‍സ് ആരോപിച്ചിരുന്നെങ്കിലും ആവശ്യമായ ഒരു തെളിവും ഹാജരാക്കുവാന്‍ വിജിലന്‍സിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. ഡിസംബര്‍ 31-നകം തുക ബാങ്കില്‍ സ്ഥിരനിക്ഷേപമാക്കി രസീത് കോടതിയില്‍ ഹാജരാക്കുവാനും വിജിലന്‍സ് ജഡ്ജി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."