കണ്ണുകെട്ടി കലാസ്വാദനവുമായി സ്വീഡിഷ് ആര്‍ട്ടിസ്റ്റുകള്‍
കൊച്ചി: കണ്ണുകെട്ടി കല ആസ്വദിച്ചാല്‍ എങ്ങനെയിരിക്കും എന്ന് പരിശോധിക്കാന്‍ കൊച്ചി ബിനാലെയില്‍ അവസരം. സ്വീഡിഷ് ആര്‍ട്ടിസ്റ്റുകളായ ക്രിസ്റ്റര്‍ ലുണ്ടാല്‍, മാര്‍ട്ടിന സൈറ്റലുമാണ് പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ഈ പ്രകടനം നടത്തുന്നത്. സിംഫണി ഓഫ് എ മിസിംഗ് റൂം ദി നെമോസിന്‍ റെവല്യൂഷന്‍ എന്നുപേരിട്ട പ്രകടനം നിര്‍ദേശങ്ങള്‍ പ്ലേ ചെയ്യുന്ന ഹെഡ്‌ഫോണുകള്‍ ധരിച്ച് സന്ദര്‍ശകര്‍ വെളുത്ത കണ്ണട ധരിക്കുന്നതോടെ ആരംഭിക്കുന്നു.
ചിലിയന്‍ വിപ്ലവകവി റൗള്‍ സുറീതയുടെ മുട്ടറ്റം വെള്ളം കെട്ടിനില്‍ക്കുന്ന ഇന്‍സ്റ്റലേഷനില്‍ 30 മിനിറ്റ് നീളുന്ന ടൂര്‍ സമാപിക്കും.
ഫൈന്‍ ആര്‍ട്‌സ് പ്രൊഫഷനലായ ലുണ്ടലും കൊറിയോഗ്രാഫറായ മാര്‍ട്ടിനയും 2003 മുതല്‍ ഒരുമിച്ചുപ്രവര്‍ത്തിക്കുന്നു. ന്യൂറോസയന്‍സ്, സമകാലീന കല,കാണികളെ ഉള്‍പ്പെടുത്തിയുള്ള തിയറ്റര്‍ എന്നിവയെല്ലാം സ്വീകരിച്ചുള്ള പ്രോജക്ടുകളില്‍ എഴുത്തുകാരും ആര്‍ക്കിടെക്റ്റുകളും നര്‍ത്തകരും അഭിനേതാക്കളും സംഗീതജ്ഞരും ശാസ്ത്രജ്ഞരും സഹകരിക്കുന്നു.
2009ല്‍ സ്റ്റോക്‌ഹോമില്‍ അരങ്ങേറിയ സിംഫണി എന്ന പ്രകടനം ലോകത്തെ വിവിധ വേദികളിലും ഗ്യാലറികളിലും മ്യൂസിയങ്ങളിലും അവതരിപ്പിച്ചിട്ടുണ്ട്. ദി അണ്‍നോണ്‍ ക്ലൗഡ് എന്ന പുതിയ പദ്ധതി സെല്‍ഫോണുകളും യഥാര്‍ഥലോകവും പരമ്പരാഗത സാമൂഹിക മാധ്യമങ്ങളും തമ്മിലുള്ള ഇടപെടലുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
വിവിധ ശബ്ദങ്ങളിലൂടെ സന്ദര്‍ശകരുടെ ഭാവനയ്ക്കനുസരിച്ച് സങ്കല്‍പ്പിക്കാനുള്ള സ്ഥലം പ്രകടനത്തിലുണ്ട്. ത്രിമാനമായി ഗ്രഹിക്കാനുള്ളതാണ് ആകെയുള്ള അനുഭവം. സമയവും പരിണാമവും പ്രധാന ഘടകങ്ങളാണ്. വിശദമായ ഗവേഷണത്തിലൂടെ രൂപകല്‍പ്പന ചെയ്ത പദ്ധതി ഓരോ പ്രദേശത്തിനും പ്രത്യേകമായ രീതിയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."