വളം കടത്തിയെന്ന് പരാതി; വാടാനപ്പള്ളി കൃഷി ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു
വാടാനപ്പള്ളി: കൃഷി ഓഫിസിനു താഴെ സൂക്ഷിച്ചിരുന്ന വളം രാത്രിയുടെ മറവില്‍ ഓഫിസറുടെ സഹായത്തോടെ സ്വകാര്യ വ്യക്തി കടത്തിക്കൊണ്ടുപോയെന്ന പരാതിയില്‍ വാടാനപ്പള്ളി കൃഷി ഓഫിസര്‍ മുര്‍ഷിദ് ജന്നത്ത്‌രാജിനെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിവിധ സംഘടനകള്‍ നടത്തിയ കൃഷിഭവന്‍ മാര്‍ച്ചിനേയും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറുടെ അന്വേഷണത്തേയും തുടര്‍ന്നാണ് നടപടി.
കൃത്യനിര്‍വഹണത്തില്‍ അലംഭാവം, അനാസ്ഥ, പദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേട്, സര്‍ക്കാര്‍ ജീവനക്കാരുടെ സ്വഭാവ ചട്ടങ്ങളുടെ ലംഘനം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് സംസ്ഥാന കൃഷി ഡയറക്ടറാണ് മുര്‍ഷിദിനെ സസ്‌പെന്‍ഡ് ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുഞ്ചേരി നല്‍കിയ പരാതി, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറുടെ നിര്‍ദേശം, കൃഷി ഡയറക്ട്രേറ്റിലെ സ്‌പെഷ്യല്‍ വിജിലന്‍സ് കഴിഞ്ഞ അഞ്ചിന് നടത്തിയ അന്വേഷണം എന്നിവയുടെ കൂടി അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് കൃഷി ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. തുടരന്വേഷണത്തിന് വിജിലന്‍സ് സ്‌പെഷ്യല്‍ ഓഫിസറോട് നിര്‍ദേശിച്ചിട്ടുണ്ട്. മുര്‍ഷിദിനെ സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ പകരം സംവിധാനമുണ്ടാക്കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് നിര്‍ദേശം കൊടുത്തു.
2016ല്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്ത് ബാക്കി വന്ന മാന്വര്‍ ബയോ ഓര്‍ഗാനിക് എന്ന വളം 30കിലോ വീതമുള്ള അഞ്ചുപായ്ക്കറ്റ് സ്വകാര്യ വ്യക്തി ചൊവ്വാഴ്ച രാത്രി ഏഴേമുക്കാലോടെ കടത്തിക്കൊണ്ടുപോയെന്നാണ് പരാതി. ഈ സമയം കൃഷി ഓഫിസര്‍ സ്ഥലത്തുണ്ടായിരുന്നെന്നും ഓഫിസറും സ്വകാര്യ വ്യക്തിയും ചേര്‍ന്ന് വളം കടത്തുകയായിരുന്നുവെന്നുമാണ് പരാതി. കൃഷിഭവന് ഗോഡൗണ്‍ ഇല്ലാത്തതിനാല്‍ ഓഫിസിനു താഴെ ദേശീയപാതയോട് ചേര്‍ന്ന കോണിപ്പടിക്കരികിലാണ് വളം സൂക്ഷിക്കുന്നത്. ഇതില്‍ നിന്ന് അഞ്ച് പായ്ക്കറ്റ് സ്വകാര്യ വ്യക്തി കൊണ്ടുപോവുകയായിരുന്നു. സംഭവം കാണാനിടയായ നാട്ടുകാര്‍ ഉടനെ വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിച്ചു.
പ്രസിഡന്റിന്റെ പരാതിയില്‍ സ്ഥലത്തെത്തിയ പൊലിസ് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നും വളം കണ്ടെത്തി. ഇതേതുടര്‍ന്നാണ് ഇന്നലെ രാവിലെ 11ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ.എ പ്രസാദ് കൃഷിഭവനില്‍ അന്വേഷണത്തിനെത്തിയത്.
ഈ സമയം കേരള കര്‍ഷക സംഘം, ബി.ജെ.പി, സംഘടനകള്‍ കൃഷിഭവനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. അന്വേഷണത്തില്‍ വളം കൊണ്ടുപോയതായി വ്യക്തമായെന്നും കൃഷി ഓഫിസറെ സര്‍വിസില്‍ നിന്ന് പിരിച്ചു വിടാന്‍ ശുപാര്‍ശ ചെയ്യുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പറഞ്ഞു. അതേസമയം 2015 ല്‍ വിതരണം ചെയ്ത് ബാക്കി വന്ന വളം തിരിച്ച് കൊണ്ടുപോകാന്‍ വളം ഇറക്കിയ ചിറയ്ക്കല്‍ സി.എസ്.ആര്‍ ബയോ കണ്‍ട്രോള്‍ ലാബിനോട് വാടാനപ്പള്ളി കൃഷി ഓഫിസര്‍ ആവശ്യപ്പെട്ടിരുന്നു.
ഈ വളം കമ്പനിയില്‍ പണം അടയ്ക്കുന്നവര്‍ക്ക് കൊടുക്കാന്‍ കൃഷി ഓഫിസറോട് കമ്പനി നിര്‍ദേശിച്ചിരുന്നുവത്രെ.
ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പായ്ക്കറ്റിന് 2700 രൂപ കഴിഞ്ഞ 12ന് അടച്ചിരുന്നുവെന്നും തുടര്‍ന്നു ചൊവ്വാഴ്ച വൈകീട്ട് ഏഴിന് കൃഷി ഓഫിസറുടെ സാന്നിദ്ധ്യത്തില്‍ നിശ്ചിത വളം കൊണ്ടുപോവുകയായിരുന്നുവെന്നും ഇതില്‍ അഴിമതിയോ മോഷണമോ നടന്നിട്ടില്ലെന്നും സ്ഥല ഉടമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."