പുറ്റിങ്ങലും പുല്ലുമേടും:പഠിക്കേണ്ട പാഠങ്ങള്‍
ആഘോഷങ്ങളെന്നും മലയാളിക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ഓണം മുതല്‍ ക്രിസ്മസ് വരെയുള്ള ആഘോഷ രാവുകള്‍ കത്തിച്ചും, പൊട്ടിച്ചും, പാടിയും, ആടിയും, കുടിച്ചും, കഴിച്ചുമെല്ലാം തകര്‍ക്കും. വന്നുവന്നിപ്പോള്‍ ആഘോഷിക്കാന്‍ പ്രത്യേക ദിവസമെന്നൊന്നില്ല, എല്ലാ ദിവസവും ആഘോഷങ്ങളാണ്....അതിന് ഓരോ കാരണങ്ങള്‍ കണ്ടെത്തിക്കൊണ്ടേയിരിക്കും. ആഘോഷമെന്തായാലും ഭൂമി നടുങ്ങുമാറ് വെടിക്കെട്ടു വേണം. എല്ലാ വെടിക്കെട്ടുകളും മത്സരബുദ്ധിയുള്ളവ. മിക്കയിടങ്ങളിലും കരക്കാര്‍ തമ്മിലുള്ള വെട്ടിക്കെട്ട് യുദ്ധമാണ് നടക്കുക.
സംസ്ഥാനത്താകെ 16 വെടിക്കെട്ടപകടങ്ങളിലായി 356 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. അനൗദ്യോഗിക കണക്കുകള്‍ ഞെട്ടിക്കും. ഏറ്റവും വലിയ വെടിക്കെട്ടപകടമായ പുറ്റിങ്ങലില്‍ 110 പേരാണ് മരിച്ചത്. 1952ല്‍ ശബരിമലയിലുണ്ടായ വെടിക്കെട്ടപകടത്തില്‍ മരണപ്പെട്ടത് 68 പേര്‍. തൃശൂര്‍ ജില്ലയില്‍ ആറ് വെടിക്കെട്ടപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1978ല്‍ നടന്ന തൃശൂര്‍പൂരത്തില്‍ എട്ടുപേരും 2006ല്‍ ഏഴുപേരും മരിച്ചു. കണ്ടശംകടവ് പള്ളിയിലെ വെടിക്കെട്ടപകടത്തില്‍ 1984ല്‍ 20 പേരും, 1989ല്‍ 12 പേരും മരിച്ചു. 1988ല്‍ വേലൂര്‍ കൂട്ടന്‍മൂളി ക്ഷേത്രത്തിലുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു.1997ല്‍ ചിയാരം പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറു പേരും 1987ല്‍ കണ്ണൂര്‍ തലശേരി ജഗന്നാഥ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ 27 പേരും 1988ല്‍ എറണാകുളം തൃപ്പൂണിത്തുറയിലുണ്ടായ അപകടത്തില്‍ 10 പേരും, മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ അപകടത്തില്‍ ഒരാളും മരിച്ചു.
1990ല്‍ കൊല്ലം മലനട പെരുവിരുത്തി ക്ഷേത്രത്തിലുണ്ടായ അപകടത്തില്‍ 26 പേരും 1998ല്‍ പാലക്കാട് കഞ്ചിക്കോട്ടെ പടക്കനിര്‍മ്മാണശാല പൊട്ടിത്തെറിച്ച് 13 പേരും, 1999 ആലൂര്‍ ചാമുക്കുടിക്കാവ് വെടിക്കെട്ടില്‍ എട്ടു പേരും, 2011ല്‍ ഷൊര്‍ണൂര്‍ പടക്കനിര്‍മാണ ശാലയിലെ അപകടത്തില്‍ 13 പേരും, 2013ല്‍ പന്ന്യം കുര്‍ശിയിലെ അപകടത്തില്‍ ഏഴുപേരുമാണ് മരിച്ചത്.
മുറിവുണങ്ങാതെ പുറ്റിങ്ങല്‍...
2016 ഏപ്രില്‍ 10; സ്ഥലം, കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ഭഗവതി ക്ഷേത്രാംഗണം. സമയം, പുലര്‍ച്ചെ മൂന്നര. ഗര്‍ഭം കലക്കി മുതല്‍ അമിട്ടുകള്‍ വരെ വാനിലേക്കുയര്‍ന്ന് പൊട്ടുന്നു. വിവിധ വര്‍ണക്കുടകള്‍ ആകാശത്തു വിരിയുന്നു. പൊട്ടുന്ന അമിട്ടുകള്‍ ആകാശത്ത് സപ്തവര്‍ണമായി നിറഞ്ഞ് തീത്തരികളാകുന്നു. ശബ്ദവും, വര്‍ണവും കണ്ട് മനം നിറഞ്ഞു നിന്നൊരു സമയം മുകളിലേക്കയര്‍ന്നു പൊട്ടിയ അമിട്ടിന്റെ തീത്തരികള്‍ കമ്പപ്പുരയ്ക്കു മുകളിലേക്കു പെയ്തിറങ്ങി. ഒരു നിമിഷം ചൂടേറിയ പ്രകാശം കണ്ണിലടിച്ചു. പിന്നെ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറി. ഭൂമി നടുങ്ങി. കണ്ടുനിന്നവര്‍ ചിതറിയോടി. ഓടിയവരുടെ മുകളിലേക്ക് ശരീരഭാഗങ്ങള്‍ വന്നു വീഴുന്നു. ചിലര്‍ നിലത്തുവീഴുന്നു. എങ്ങും ഇരുട്ട്. അലമുറകള്‍.
ദൂരെ നിന്നവര്‍ എന്തു ചെയ്യണമെന്നറിയാതെ തരിച്ചു നിന്നുപോയി. വീടുകള്‍ തകര്‍ന്നു വീണു. മരങ്ങള്‍ കരിഞ്ഞുണങ്ങി. അമ്പലത്തിന്റെ മേല്‍ക്കൂര ഇളകിത്തെറിച്ചു. ചിതറിത്തെറിച്ച ശവശീരങ്ങള്‍.....അവയവഭാഗങ്ങള്‍...അംഗഭംഗം വന്നവര്‍...ആര്‍ത്തനാദം...സ്വബോധം വീണ്ടെടുത്തവരെല്ലാം ചേര്‍ന്ന് ആവും വിധം രക്ഷാപ്രവര്‍ത്തനം തുടങ്ങി. കരഞ്ഞും, നിലവിളിച്ചുമൊക്കെ ഓരോരുത്തരേയും ദുരന്തമുഖത്തു നിന്നും എടുത്തു മാറ്റി....വെളിച്ചമില്ലാത്തതും, പൊട്ടാത്ത അമിട്ടുകള്‍ ഉണ്ടാകുമോയെന്ന ഭീതിയും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
ആംബുലന്‍സിനും ഫയര്‍ഫോഴ്‌സിനും അമ്പലത്തിലേക്കെത്താന്‍ സുഗമമായ വഴികളില്ലാതിരുന്നതും തടസമായി. ഇടുങ്ങിയ വഴികളിലൂടെ ജനങ്ങളുടെ ഓട്ടവും അപകടങ്ങള്‍ വര്‍ധിപ്പിച്ചു.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തിന് വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു അന്ന് നേരം പുലര്‍ന്നത്. ഫയര്‍ഫോഴ്‌സ്, പൊലിസ്, ദുരന്ത നിവാരണ സേന, നാട്ടുകാര്‍, സന്നദ്ധ സംഘടനകള്‍ അങ്ങനെയെല്ലാവരും കൈമെയ് മറന്നു പ്രവര്‍ത്തിച്ചു. 110 പേര്‍ മരണപ്പെട്ടു. 450ഓളം പേര്‍ക്ക് അംഗഭംഗമടക്കം പരുക്കേറ്റു. 150ഓളം വീടുകള്‍ വാസയോഗ്യമല്ലാതായി. 800ഓളം കിണറുകളിലെ കുടിവെള്ളം മലിനമായി. വാഹനങ്ങള്‍, വൃക്ഷങ്ങള്‍, വീട്ടുപകരണങ്ങള്‍ അങ്ങനെ സര്‍വ്വതും നഷ്ടമായി. ദുരന്ത നിവാരണ അതോറിട്ടിയുടെ കണക്കു പ്രാകരം 117 കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്. ദുരന്തം സൃഷ്ടിച്ച ആഘാതം ഇനിയും പുറ്റിങ്ങലിനെ പൂര്‍ണമായി വിട്ടൊഴിഞ്ഞിട്ടില്ല.
സുരക്ഷാ മുന്നൊരുക്കങ്ങളില്ലാത്തതും നിയമവിരുദ്ധമായി കരിമരുന്നു സൂക്ഷിച്ചതുമടക്കം ഗുരുതര വീഴ്ചയാണ് ഇവിടെയുണ്ടായത്. മത്സരക്കമ്പത്തിന്റെ പേരില്‍ കമ്പപ്പുരയില്‍ അനധികൃതമായി സൂക്ഷിച്ച വെടിമരുന്നിന് കണക്കില്ല. ആയിരങ്ങള്‍ തിങ്ങിനിറഞ്ഞൊഴുകുന്ന ക്ഷോത്രാംഗണത്തില്‍ തന്നെയായിരുന്നു വെടിക്കെട്ടും നടന്നത്. ഉത്സവനടത്തിപ്പുകാരും നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്ഥരും നീതീകരണമില്ലാത്ത അലംഭാവമാണ് കാണിച്ചത്.
മരണക്കളമായി മാറിയ പുല്ലുമേട്
2011 ജനുവരി 14; സ്ഥലം, ശബരിമല പുല്ലുമേട്. സമയം രാത്രി ഒന്‍പതു മണി. ശബരിമല മകരജ്യോതി ദര്‍ശനത്തിന് പുല്ലുമേട്ടില്‍ തടിച്ചുകൂടിയ ഭക്തര്‍. മകരജ്യോതി തെളിയുന്നതും കാത്ത് പ്രതീക്ഷയോടെ നിന്ന ഭക്തര്‍ക്കിടയിലേക്ക് ജീപ്പ് പാഞ്ഞു കയറിയതാണ് അപകട കാരണമായി പറയുന്നത്. പരിഭ്രാന്തരായ ജനക്കൂട്ടം ഭയന്നോടിയതോടെ തിക്കിലും തിരക്കിലും പെട്ട് 102 തീര്‍ഥാടകര്‍ അതിദാരുണമായി കൊല്ലപ്പെട്ടു. തിരക്കു നിയന്ത്രിക്കാനാകാതെ വന്നതോടെ പൊലിസും കുഴങ്ങി. പുല്ലുമേട്ടിലെ ചെങ്കുത്തായ കുഴിയിലേക്കു വീണുപോയവരുടെ മുകളിലേക്ക് കൂടുതല്‍പേര്‍ വീണുകൊണ്ടിരുന്നത് മരണസംഖ്യ വര്‍ധിപ്പിച്ചു. എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായി. പരക്കംപാഞ്ഞവര്‍ക്കിടയില്‍പ്പെട്ടവരും ചവിട്ടിയരയ്ക്കപ്പെട്ടു. രാത്രി ആയതിനാല്‍ മറ്റുള്ളവര്‍ക്കും ഒന്നും ചെയ്യാനായില്ല. നേരം പുലരുമ്പോഴേക്കും പുല്ലുമേട് മരണക്കളമായി മാറിയിരുന്നു. 1999ല്‍ ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 52 ഭക്തര്‍ മരിച്ചിരുന്നു. ഭക്തജനതിരക്ക് മുന്‍കൂട്ടി കണ്ട് കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അധികൃതര്‍ക്കു സംഭവിച്ച പാളിച്ചകളാണ് രണ്ടു ദുരന്തങ്ങളുടെയും ആക്കം കൂട്ടിയത്.
പുനര്‍വിചിന്തനം , അടിയന്തരാവശ്യം
ആഘോഷങ്ങളും ആരവങ്ങളും നമുക്കുവേണം. പക്ഷേ , സുരക്ഷിതമല്ലാത്ത ആഘോഷങ്ങളെ പ്രോത്സാഹിപ്പിക്കണമോയെന്നു ചിന്തിക്കേണ്ടതുണ്ട്. ഈ ദുരന്തങ്ങള്‍ക്കു ശേഷം ദുരന്തനിവാരണ അതോറിട്ടിയുടെ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടണമെന്ന വ്യവസ്ഥയുണ്ടായി. എന്നാല്‍, ഇപ്പോഴും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള കമ്പക്കെട്ടുകള്‍ പലയിടത്തും നടക്കുന്നുണ്ട്. ആഘോഷ രാവുകളില്‍ മതിമറക്കുകയെന്ന ജനത്തിന്റെ ശീലത്തിനും വലിയ മാറ്റം വന്നിട്ടില്ല.
എന്നാല്‍ ഇക്കഴിഞ്ഞ തൃശ്ശൂര്‍ പൂരം തീര്‍ത്തും മാതൃകാപരമായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും, വെടിക്കെട്ടിന് നിയന്ത്രണം കൊണ്ടുവന്നതുമുള്‍പ്പടെ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം പാലിക്കപ്പെട്ടു.രക്ഷാപ്രവര്‍ത്തനത്തിന് എത്തേണ്ട വാഹനങ്ങള്‍ക്കുപ്രത്യേകം റോഡുകള്‍ മാപ്പ് ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയും സുസജ്ജമായി രംഗത്തുണ്ടായിരുന്നു.
ദുരന്തങ്ങള്‍ നമുക്ക് പാഠമാകേണ്ടവയാണ്. ദുരന്തവാര്‍ത്തകള്‍ക്കു മുന്നില്‍ ഒരു വേള വിറങ്ങലിച്ചു നില്‍ക്കുകയും, പിന്നീട് ദീര്‍ഘനിശ്വാസത്തോടെ പഴയ ശീലത്തിലേക്കു മടങ്ങുകയും ചെയ്യുന്നത് ആധുനികതയുടെ അടയാളമല്ല. കൂട്ടിയും കിഴിച്ചും പുനര്‍വിചിന്തനം നടത്തിയും ആഘോഷങ്ങളെ മനുഷ്യന്റെ സുരക്ഷാ പരിധിക്കുള്ളില്‍ നിര്‍ത്താന്‍ കഴിയണം. അവിടെയാണ് മലയാളിയിലെ പ്രബുദ്ധത വിജയിക്കുന്നത്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."