കടമക്കുടിയില്‍ കൂടുമത്സ്യ കൃഷി വന്‍ വിജയമായി
കൊച്ചി: കടലില്‍ മീന്‍ കുറയുന്ന സാഹചര്യത്തില്‍ മത്സ്യകൃഷി വിപ്ലവത്തിലൂടെ മാതൃകയാകുകയാണ് കടമക്കുടി ഗ്രാമപഞ്ചായത്തിലെ പിഴല ദ്വീപ്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ) നേതൃത്വത്തില്‍ ഏഴ് മാസം മുമ്പ് പിഴല ദ്വീപില്‍ ആരംഭിച്ച കൂടുമത്സ്യ കൃഷി വിളവെടുപ്പ് നടത്തിയപ്പോള്‍ കര്‍ഷകര്‍ മികച്ച നേട്ടം കൊയ്തു.
കടമക്കുടി പഞ്ചായത്തില്‍ സി.എം.എഫ്.ആര്‍.ഐയുടെ മേല്‍നോട്ടത്തില്‍ നടന്ന കൂടുകൃഷി സംരംഭങ്ങളില്‍ സ്ത്രീ സംഘങ്ങളുടെ സജീവ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായി. സ്ത്രീകളടക്കം നൂറോളം കര്‍ഷകരാണ് കൂടുമത്സ്യകൃഷിയില്‍ പങ്കാളികളായത്.
നാല് മീറ്റര്‍ വീതം നീളവും വീതിയും ആറ് മീറ്റര്‍ ആഴവുമുള്ള കൂടുകളില്‍ കൃഷി ചെയ്ത കരിമീന്‍, കാളാഞ്ചി, തിലാപ്പിയ മത്സ്യങ്ങളാണ് വിളവെടുത്തത്. സി.എം.എഫ്.ആര്‍.ഐയുടെ സാങ്കേതിക സഹായത്തോടെ 60 ഓളം കൂടുകളില്‍ ഈ പ്രദേശത്ത് കൃഷി നടത്തിയിരുന്നു. ക്രിസ്മസിന് മുന്നോടിയായി നടന്ന വിളവെടുപ്പില്‍ ഉയര്‍ന്ന തൂക്കമുള്ള മത്സ്യങ്ങളാണ് ലഭിച്ചത്. കാളാഞ്ചി മത്സ്യത്തിന് ശരാശരി തൂക്കം മൂന്നര കിലോയും കരിമീനിന് 250 ഗ്രാം തൂക്കവും ലഭിച്ചു. സി.എം.എഫ്.ആര്‍.ഐ മാരിക്കള്‍ച്ചര്‍ വിഭാഗം മേധാവി ഡോ ഇമല്‍ഡ ജോസഫ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൂടുമത്സ്യ കൃഷി വിളവെടുപ്പ് സ്ഥലം എംഎല്‍എ എസ്. ശര്‍മ ഉദ്ഘാടനം ചെയ്തു.
സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. കടമക്കുടി പഞ്ചായത്ത് പ്രസിഡണ്ട് ശാലിനി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം സീന ഫ്രാന്‍സിസ്, വാര്‍ഡ് അംഗം പ്രകാശന്‍, ഫിഷറീസ് കോര്‍ഡിനേറ്റര്‍ മണികണ്ഠന്‍, മത്സ്യകര്‍ഷക അജിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."