ഗ്യാസ് ടാങ്കറുകള്‍; സഞ്ചരിക്കുന്ന ബോംബുകള്‍
ഓരോ ദുരന്തങ്ങള്‍ക്കു പിന്നാലെയും വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടാകും. അങ്ങനെയൊരു പ്രഖ്യാപനമായിരുന്നു പെട്രോളിയം-വാതക ചരക്കുനീക്കം നിരത്തുകളില്‍ നിന്നും മാറ്റി ജലമാര്‍ഗമാക്കുമെന്നത്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഏഴു വര്‍ഷം പിന്നിട്ടിട്ടും പദ്ധതി നടപ്പാക്കാന്‍ മാറി മാറി വന്ന സര്‍ക്കാറുകള്‍ക്കായില്ല
മുല്ലപ്പെരിയാര്‍ ജലബോംബാണെങ്കില്‍ നിരത്തുകളില്‍ ഓടുന്ന ഗ്യാസ് ടാങ്കറുകള്‍ സഞ്ചരിക്കുന്ന ബോംബുകളാണ്. മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിക്കുമോയെന്ന ആധിയില്‍ ഉറങ്ങാന്‍ കഴിയാതിരുന്ന മന്ത്രിയുണ്ടായിരുന്നു കേരളത്തില്‍. ഏതുസമയത്തും എന്തുംസംഭവിക്കാമെന്നു പ്രതീക്ഷിച്ച് മുല്ലപ്പെരിയാറിന്റെ താഴ്‌വരയില്‍ കഴിയുന്നവര്‍ക്ക് എന്ത് സുരക്ഷിതത്വം. അതേ അവസ്ഥയാണിപ്പോള്‍ നിരത്തുകളില്‍. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം. എന്നാല്‍, അധികൃതര്‍ ഉറങ്ങാതിരിക്കുന്നില്ല.
കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ കേരളത്തിലെ നിരത്തുകളിലുണ്ടായത് 360 ഗ്യാസ് ടാങ്കര്‍ അപകടങ്ങള്‍. 38 മരണം. നൂറില്‍ കൂടുതല്‍ പേര്‍ക്ക് പൊള്ളലേറ്റു. മുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. വീടുകള്‍, കടകള്‍, ഉപകരണങ്ങള്‍, കന്നുകാലികള്‍, വാഹനങ്ങള്‍, വൃക്ഷങ്ങള്‍, കൃഷി എന്നിവ നശിച്ചതു വഴി 500 കോടിയിലേറെ രൂപയുടെ നാശനഷ്ടം.
ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, റിലയന്‍സ് എന്നിവയും, സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ,സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്ന വിവിധതരം വാതകങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങളും തുടങ്ങി ആയിരക്കണക്കിന് ടാങ്കറുകളാണ് ഏതുസമയത്തും എന്തും സംഭവിക്കാവുന്ന തരത്തില്‍ നിരത്തുകളിലൂടെ പായുന്നത്.
ഒരു അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള ഒരു സംവിധാനങ്ങളും ഈ വാഹനങ്ങളില്ല. ഒരു തൊട്ടി മണല്‍, ഒരു കന്നാസില്‍ വെള്ളം, പിന്നെ കാലപ്പഴക്കം ചെന്ന ഫയര്‍ എക്സ്റ്റിങ്ക്യുഷര്‍ എന്നിവ മാത്രമായിരിക്കും ഉണ്ടാവുക. അപകടങ്ങളുണ്ടായി വാതകങ്ങള്‍ ചോര്‍ന്നാല്‍, അത് പരിഹരിക്കാന്‍ വേണ്ട പരിശീലനമോ, പരിചയ സമ്പന്നതയോ ഉള്ളവരല്ല വാഹനത്തിലെ ഡ്രൈവറും, ക്ലീനറും. വാഹനങ്ങള്‍ ഫില്ലിങ് സ്റ്റേഷനിലോ, വ്യവസായ ശാലകളിലോ, പെട്രോള്‍ പമ്പുകളിലോ എത്തിക്കുകയെന്നതു മാത്രമാണ് ഇവരുടെ ജോലി.
ഗ്യാസ്ടാങ്കര്‍ അപകടങ്ങളില്‍ വന്‍ നാശം സംഭവിച്ചത് കണ്ണൂരിലെ ചാലയിലും, കൊല്ലത്ത് കരുനാഗപ്പള്ളിയിലുമാണ്. 2012 ഓഗസ്റ്റില്‍ ചാലയിലുണ്ടായ ടാങ്കര്‍ അപകടത്തില്‍ 20 പേരാണ് മരിച്ചത്. നാല്‍പ്പതോളം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ചുറ്റുവട്ടത്തെ കടകളും വീടുകളും പൂര്‍ണമായി കത്തി നശിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. രാത്രി പതിനൊന്നു മണിയോടെ ഡിവൈഡറില്‍ തട്ടി മറിഞ്ഞ ടാങ്കര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം. വാതകം പടര്‍ന്നിടമെല്ലാം തീനാളങ്ങള്‍ കവര്‍ന്നു. ഉറങ്ങിക്കിടന്നവര്‍ വരെ അപകടത്തിന്റെ ഇരകളായി.
2009 ഡിസംബറില്‍ കരുനാഗപ്പള്ളി പുത്തന്‍തെരുവിലുണ്ടായ ടാങ്കര്‍ അപകടത്തില്‍ 13 പേരുടെ ജീവനാണ് നഷ്ടമായത്. 29 പേര്‍ക്ക് പൊള്ളലേറ്റു. മൂന്നു വീടുകള്‍ക്ക് തീപ്പിടിച്ചു. ഒരു പൊലീസ് ജീപ്പ് പൂര്‍ണമായി കത്തി നശിച്ചു. സംഭവ സ്ഥലത്തു നിന്നും മാറ്റിയിടാന്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് ജീപ്പിന് തീപ്പിടിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരണത്തിനു കീഴടങ്ങി. 18 ടണ്‍ പാചക വാതകമാണ് ടാങ്കറിലുണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അപകടം. മറിഞ്ഞ ടാങ്കര്‍ രണ്ടായി ഒടിഞ്ഞായിരുന്നു ഗ്യാസ് വ്യാപിച്ചത്. മരിച്ചവരില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരുമുണ്ടായിരുന്നു.
ടാങ്കറിന്റെ ചോര്‍ച്ചയടക്കാനോ, ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനോ ആയില്ലെന്നതാണ് വീഴ്ച. എന്നാല്‍, രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ഫയര്‍ഫോഴ്‌സും, പൊലീസും ജനങ്ങളും മടികാണിച്ചില്ല.
രാസ ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ ഒരു മാര്‍ഗവുമില്ലാത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ അധുനികവല്‍ക്കരിക്കേണ്ടതുണ്ട്. ജീവനക്കാര്‍ക്ക് തീയിലും, വെള്ളത്തിലും, രാസ ദുരന്തങ്ങള്‍ പ്രതിരോധിക്കാനും, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും ആധുനിക പരിശീലനം നല്‍കണം.
2016 ഏപ്രില്‍ 20, ജൂലൈ 16 എന്നീ ദിവങ്ങളില്‍ കരുനാഗപ്പള്ളി വവ്വാക്കാവില്‍ ടാങ്കര്‍ അപകടങ്ങളുണ്ടായി. ജൂലൈ 13ന് ഓച്ചിറ കല്ലൂര്‍മുക്കില്‍ പുലര്‍ച്ചെ രണ്ടുമണിക്ക് ടാങ്കര്‍ തലകീഴായ് മറിഞ്ഞു. മെയ് 9ന് വളാഞ്ചേരിയില്‍ നിയന്ത്രണം വിട്ട ഗ്യാസ്ടാങ്കര്‍ അഞ്ചടി താഴ്ചയിലേക്കു മറിഞ്ഞു. ഓഗസ്റ്റ് 17ന് പരിയാരം ദേശീയപാതയില്‍ ടാങ്കറും ചരക്കു ലോറിയും കൂട്ടിയിടിച്ചു. ഈ അപകടങ്ങളിലെല്ലാം പൊള്ളല്‍ ഏല്‍ക്കുകയും, പരുക്കു പറ്റുകയും ചെയ്തവരുടെ എണ്ണം കുറവല്ല.
സമാന സംഭവങ്ങള്‍ തന്നെ 2013, 14, 15 വര്‍ഷങ്ങളിലുമുണ്ടായിട്ടുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് കാസര്‍ഗോഡ് ഹോസ്ദുര്‍ഗിലും കൊച്ചിയിലും അപകടങ്ങളുണ്ടായി. കൊച്ചിയില്‍ രണ്ടുപേര്‍ മരിക്കുകയും ചെയ്തു. ഒരു വര്‍ഷം ചെറുതും വലുതുമായി സംസ്ഥാനത്ത് ശരാശരി 60 ഗ്യാസ്ടാങ്കര്‍ അപകടങ്ങളുണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."