പൊലിസിനു കോടിയേരിയുടെ താക്കീത്; സംഘപരിവാറിനു കപടദേശീയതയെന്നും വിമര്‍ശനം
കോഴിക്കോട്: ദേശീയഗാന വിഷയവുമായി ബന്ധപ്പെട്ട് പൊലിസ് നയത്തെപ്പറ്റി വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി പൊലിസിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ദേശീയ ഗാനത്തിന്റെ മറവില്‍ സംഘപരിവാര്‍ ഉയര്‍ത്തുന്നത് കപട ദേശീയതയാണെന്നും കോടിയേരി പറയുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന് പ്രഖ്യാപിത പൊലിസ് നയമുണ്ട്. അത് മോഡിസര്‍ക്കാരിന്റെയോ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെയോ നയമല്ല. ഭീകരപ്രവര്‍ത്തനം തടയാന്‍മാത്രമേ യുഎപിഎ ഉപയോഗിക്കൂ എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. അതിന് വിരുദ്ധമായ ചെയ്തി ഉണ്ടാകരുതെന്നും കോടിയേരി പറയുന്നു.
യുഎപിഎയും രാജ്യദ്രോഹവകുപ്പും യുഡിഎഫ് ഭരരണകാലത്ത് വ്യാപകമായി ദുരുപയോഗം ചെയ്തു. സിപിഎം പ്രവര്‍ത്തകരുള്‍പ്പെടെയുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെപോലും യുഎപിഎ ചുമത്തി. അത്തരം ഭരണനടപടികളുണ്ടായപ്പോള്‍ അതിനെതിരെ ചെറുശബ്ദംപോലും ഉയര്‍ത്താതെ മൗനികളായിരുന്നവര്‍ ഇപ്പോള്‍ വാചാലരാകുന്നത് അര്‍ഥഗര്‍ഭമാണ്. നാദീര്‍ എന്ന യുവാവിനെതിരെ ഉമ്മന്‍ചാണ്ടി ഭരണത്തില്‍ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ 2016 മാര്‍ച്ച് മൂന്നിന് യുഎപിഎ പ്രകാരം കേസ് ചുമത്തി. ഇപ്പോള്‍ ആ കേസില്‍ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും വസ്തുതാപരമല്ലെന്നു കണ്ടു വിട്ടയച്ചു.
നോവലിസ്റ്റ് കമല്‍ സി ചവറയ്‌ക്കെതിരെ 124 (എ) ചുമത്തിയത് തെറ്റായ സന്ദേശം നല്‍കുന്നതാണ്.
മുന്‍ സര്‍ക്കാര്‍ തെറ്റായി ചുമത്തിയ യുഎപിഎ കേസുകളില്‍പ്പോലും നിയമപരമായ പുനഃപരിശോധന നടത്താന്‍ പൊലീസ് തയാറാകണമെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."