പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ വാക്കേറ്റം
പെരുമ്പടപ്പ് :ബ്ലോക്ക് പഞ്ചായത്തിലെ ജനറല്‍ എക്സ്റ്റന്‍സ് ഓഫിസര്‍ (ജി. ഇ. ഒ), വനിതാക്ഷേമ ഓഫിസര്‍ എന്നീ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിനെച്ചൊല്ലി ബ്ലോക്ക് പ്രസിഡന്റും വനിതാ അംഗവും ബോര്‍ഡ് യോഗത്തില്‍ വാക്കേറ്റം.
ബുധനാഴ്ച നടന്ന ബോര്‍ഡ് യോഗത്തിലാണ് പ്രസിഡന്റ് പി. എം. ആറ്റുണ്ണി തങ്ങളും യു. ഡി. എഫിലെ വനിതാ അംഗമായ ഖദീജ മൂത്തേടത്തും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഒരു വര്‍ഷമായി വനിതാക്ഷേമ ഓഫിസറുടെയും മാസങ്ങളായി ജി. ഇ. ഒ. യുടെയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ.് ഈ വിഷയം വനിതാ അംഗം ചൂണ്ടിക്കാട്ടിയതാണ് വാക്കേറ്റത്തിന് തുടക്കം.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് വനിതാക്ഷേമ ഓഫിസറെ വര്‍ക്കിങ് അറേഞ്ച്‌മെന്റ് പ്രകാരം എറണാകുളത്തേക്ക് മാറ്റിയതെന്നായിരുന്നു പ്രസിഡന്റിന്റെ വാദം. എന്നാല്‍ ഒരു വര്‍ഷമായില്ലേ, എന്തുകൊണ്ട് തിരിച്ചെത്തിക്കാനായില്ലെന്ന് അംഗം തിരിച്ചുപറഞ്ഞതോടെ തര്‍ക്കം മുറുകിയെങ്കിലും സാവകാശം ഇരുപേരും യോജിപ്പിലെത്തിയതോടെ രംഗം ശാന്തമാവുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവര്‍, പ്യൂണ്‍, ക്ലര്‍ക്ക് എന്നീ തസ്തികകളും താല്‍ക്കാലിക നിയമങ്ങളാണ്. ബോര്‍ഡ് യോഗത്തില്‍ തര്‍ക്കമുണ്ടായില്ലെന്നും പി. എസ്. സി. യോട് ജീവനക്കാരെ ആവശ്യപ്പെട്ടതായും അനുവദിക്കുന്ന മുറയ്ക്ക് ജീവനക്കാരെ നിയമിക്കുമെന്നും ബ്ലോക്ക് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."