നീറ്റ്: ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഉടന്‍ ഒപ്പുവച്ചേക്കും
ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളിലേക്ക് ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പൊതുപ്രവേശന പരീക്ഷ (നീറ്റ്) സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് മറികടക്കാനായി കേന്ദ്രമന്ത്രിസഭ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉടന്‍ ഒപ്പുവച്ചേക്കും. നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നു രാഷ്ട്രപതി ചൈനയിലേക്കു പോവുന്നുണ്ട്. അതിനു മുന്‍പ് ഒപ്പുവച്ചേക്കുമെന്നാണ് അനൗദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. ഓര്‍ഡിനന്‍സ് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജ.പി.നദ്ദ രാഷ്ട്രപതിക്ക് ഇന്നലെ ഉച്ചയോടെ വിശദീകരിച്ചുകൊടുത്തിരുന്നു. ഇതുസംബന്ധിച്ചു രാഷ്ട്രപതി വിശദീകരണം തേടിയതിനെത്തുടര്‍ന്നാണ് നദ്ദ രാഷ്ട്രപതിഭവനിലെത്തിയത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അനുമതി നല്‍കുമെന്നാണു പ്രതീക്ഷയെന്നു കേന്ദ്രമന്ത്രി പറഞ്ഞു.
രാഷ്ട്രപതി അംഗീകരിക്കുന്നതോടെ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം നീറ്റ് അടുത്ത വര്‍ഷം മുതല്‍ മതിയാവും. ഓര്‍ഡിനന്‍സ് നിയമമാവുന്നതോടെ കേരളാ സര്‍ക്കാര്‍ കഴിഞ്ഞമാസം നടത്തിയ പരീക്ഷയ്ക്കും സാധുത ലഭിക്കും. സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ കൂടിയാലോചനകള്‍ക്കുശേഷമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
ഓര്‍ഡിനന്‍സിന് വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്. എന്നാല്‍, കേന്ദ്രമന്ത്രിസഭ ഓര്‍ഡിനന്‍സ് കൊണ്ടുവന്നുവെന്നും അംഗീകാരത്തിനായി അത് രാഷ്ട്രപതിക്കു വിട്ടെന്നും വെള്ളിയാഴ്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ആരോഗ്യമന്ത്രി അക്കാര്യം നിഷേധിച്ചിരുന്നു. ഈ വര്‍ഷം മെഡിക്കല്‍ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളും അഖിലേന്ത്യാ പ്രവേശനപരീക്ഷ എഴുതണമെന്ന് കഴിഞ്ഞമാസമാണ് സുപ്രിംകോടതി ഉത്തവിട്ടത്.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തങ്ങളുടെ പ്രവേശന പരീക്ഷ നടത്തി കഴിഞ്ഞതിനാല്‍ ഉത്തരവില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നുവെങ്കിലും അതു സുപ്രിംകോടതി തള്ളുകയായിരുന്നു. ഇതേതുടര്‍ന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചു കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്.
ഈ മാസം ഒന്നിനു നടന്ന നീറ്റിന്റെ ആദ്യഘട്ട പരീക്ഷയില്‍ ആറര ലക്ഷം വിദ്യാര്‍ഥികളാണു പരീക്ഷയെഴുതിയത്. ജൂലൈ 24നാണ് രണ്ടാം ഘട്ട പരീക്ഷ. ഒന്നാം ഘട്ടത്തിലേക്ക് അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടികൂടിയാണ് രണ്ടാംഘട്ടം പരീക്ഷ നടത്തുന്നത്. ആദ്യഘട്ടത്തില്‍ വേണ്ടത്ര എഴുതാന്‍ കഴിഞ്ഞില്ലെന്നു തോന്നുന്നവര്‍ക്കും രണ്ടാം ഘട്ടം എഴുതാമെന്ന് കോടതി അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."