അക്ഷയകേന്ദ്രങ്ങള്‍ വഴി പരാതി നല്‍കാന്‍ സംവിധാനം വേണം: മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: അക്ഷയകേന്ദ്രങ്ങള്‍ വഴി പൊലിസ് സ്റ്റേഷനിലേക്കു പരാതി അയക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനില്‍ ഇന്റേണ്‍ഷിപ്പിനെത്തിയ 29 നിയമവിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ രസീത് നല്‍കാറില്ലെന്നും രസീത് വേണമെന്നു നിര്‍ബന്ധിച്ചാല്‍ വിരട്ടുമെന്നും പരാതിയില്‍ പറയുന്നു. തപാല്‍വഴി രജിസ്‌ട്രേഡായി പൊലിസ് സ്റ്റേഷനുകളിലേക്കു പരാതി അയക്കാമെങ്കിലും അക്ഷയകേന്ദ്രങ്ങള്‍ വഴി പരാതി അയക്കാന്‍ നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
ആക്രമണ ഭീഷണിയുണ്ടാകുമ്പോള്‍ പൊലിസിനു നല്‍കുന്ന ചെറിയ പരാതികള്‍ ഗൗനിക്കാതെ വരുന്നതു കൊണ്ടാണു വലിയ അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നതെന്നു ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവില്‍ നിരീക്ഷിച്ചു.
പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തുന്നവര്‍ക്കു മോശം അനുഭവങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാന പൊലിസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും കൈമാറി. വിദ്യാര്‍ഥികള്‍ക്കു വേണ്ടി സി.എം. അരുണ്‍ കേശവനാണു പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."