പത്തനംതിട്ട സംസ്ഥാനത്തെ ആദ്യ കറന്‍സി രഹിത കലക്ട്രേറ്റ്
പത്തനംതിട്ട: സംസ്ഥാനത്തെ ആദ്യ കറന്‍സി രഹിത കലക്ട്രേറ്റായി മാറിയതിന്റെ പകിട്ടില്‍ പത്തനംതിട്ട കലക്ട്രേറ്റ്. ഒരു സ്ഥലത്തെ പത്തു വ്യാപാരികളും നാല്‍പ്പത് ഉപയോക്താക്കളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയാല്‍ അവിടം കാഷ്ലെസ് ആയി പ്രഖ്യാപിക്കാം എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ചുവടു പിടിച്ചാണ് പ്രഖ്യാപനം.
ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട കലക്ട്രേറ്റിലെ അന്‍പതിലധികം ജീവനക്കാരാണ് രണ്ടു ദിവസത്തെ പരിശീലനത്തിനു ശേഷം കറന്‍സി രഹിത സംവിധാനം പ്രയോജനപ്പെടുത്തുന്നതിലേക്ക് മാറിയത്. ജില്ലാ കലക്ടര്‍ ആര്. ഗിരിജയും 'സ്റ്റേറ്റ് ബാങ്ക് ബഡി' എന്ന ഇ വാലറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഇതിന്റെ ഭാഗമായി. തുടര്‍ന്നാണ് കറന്‍സി രഹിത കലക്ട്രേറ്റ് പ്രഖ്യാപനം കലക്ടര്‍ നടത്തിയത്.
ജില്ലാ ഭരണകൂടവും ഐ.ടി മിഷന്റെ ഭാഗമായ അക്ഷയയും സംയുക്തമായാണ് കലക്ട്രേറ്റിലെ ജീവനക്കാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചത്. ജില്ലാ ലീഡ് ബാങ്കിന്റെ സഹകരണവും ലഭിച്ചു. ഇന്നലെ കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജീവനക്കാര്‍ സ്മാര്‍ട് ഫോണുകളില്‍ ഇ വാലറ്റ് ഡൗണ്‍ലോഡ് ചെയ്തു. പരസ്പരം പണം അയച്ച് കറന്‍സി രഹിത സംവിധാനത്തിന് തുടക്കവും കുറിച്ചു. നഗരത്തിലെ വ്യാപാരികളും ഇതില്‍ പങ്കാളികളായി.
എല്ലാവര്ക്കും ഒരുമിച്ച് ഇ വാലറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈ ഫൈ സംവിധാനവും ഒരുക്കിയിരുന്നു. അക്ഷയ സംരംഭകരായ ടി.ഡി. വിജയന്‍നായരും ടി.എ. ഷാജഹാനും ഇ വാലറ്റ് സ്മാര്‍ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ജീവനക്കാര്‍ക്ക് വേണ്ട സഹായം നല്കി. എ.ഡി.എം അനു എസ്. നായര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.വി. കമലാസനന് നായര്‍, ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ജിജി ജോര്‍ജ്, ഇ ഗവേണന്‍സ് മാനേജര്‍ കെ. ധനേഷ്, ജിനോ, വ്യാപാരി പ്രതിനിധികളായ എന്‍.എം. ഷാജഹാന്, രാജ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."