ജനന സര്‍ട്ടിഫിക്കറ്റിനു പകരം ആധാര്‍ മതി; പാസ്‌പോര്‍ട്ട് അപേക്ഷ ലളിതവല്‍ക്കരിച്ചു
ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷക്കുള്ള നടപടികള്‍ ലളിതവല്‍ക്കരിച്ച് കൊണ്ട് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ്. ജനന സര്‍ട്ടിഫിക്കറ്റിലടക്കം നിരവധി ഇളവുകളാണ് പുതിയ പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്.
നിലവില്‍ 1989 ജനുവരി 21 നു ശേഷം ജനിച്ചവര്‍ക്ക് അപേക്ഷയുടെ കൂടെ ജനന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെങ്കില്‍ പാസ്‌പോര്‍ട്ട് ലഭിക്കില്ല. എന്നാല്‍ ജനന തീയ്യതി തെളിയിക്കുന്നതിനായി ആധാര്‍ കാര്‍ഡ് മതിയാവുമെന്നാണ് പുതിയ നിയമം.
ജനനത്തീയതി പരാമര്‍ശിക്കുന്ന, സര്‍ക്കാര്‍ അംഗീകൃത സ്‌കൂള്‍ വിടുതല്‍/മെട്രിക്കുലേഷന്‍/ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും മതിയാവും. ആദായനികുതി വകുപ്പ് നല്‍കുന്ന പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ജനനത്തീയതി പരാമര്‍ശമുള്ള തെരഞ്ഞെടുപ്പ് ഐഡന്റിറ്റി കാര്‍ഡ്, പബ്ലിക്ക് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ നല്‍കുന്ന പോളിസി ബോണ്ട് എന്നിവയും പ്രൂഫായി നല്‍കാവുന്നതാണ്.
മജിസ്‌ട്രേറ്റിന്റെയോ നോട്ടറിയുടെയോ അറ്റസ്‌റ്റേഷന്‍ വേണമെന്ന നിയമവും പാസ്പാര്‍ട്ട് ലളിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നിര്‍ത്തലാക്കും. സ്വയം സാക്ഷ്യപ്പെടുത്തലോ വെള്ളപേപ്പറില്‍ എഴുതി നല്‍കിയാലോ മതിയാവും.
അനാഥകള്‍ക്ക് ജനനത്തീയതി തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റോ, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റോ, കോര്‍ട്ട് ഓര്‍ഡറോ ഇല്ലെങ്കില്‍ അനാഥശാലയുടെ മേലധികാരിയോ ചൈല്‍ഡ് കെയര്‍ അധികാരിയോ നല്‍കുന്ന സാക്ഷ്യപത്രം മതിയാവും.
അപ്ലിക്കേഷന്‍ ഫോമില്‍ ഇനി മുതല്‍ പിതാവിന്റെയോ അല്ലെങ്കില്‍ മാതാവിന്റെയോ നിയമപരമായ രക്ഷിതാവിന്റെയോ പേരു ചേര്‍ക്കണം. അതായത് ഒരു രക്ഷിതാവിന്റെ പേരു മാത്രമാണ് ചേര്‍ക്കേണ്ടത്.
വേര്‍പിരിഞ്ഞിട്ടുണ്ടെങ്കില്‍ അപേക്ഷകരുടെ ഇണയുടെ പേര് ചേര്‍ക്കേണ്ടതില്ല. തീരുമാനം കോടതിയിലാണെങ്കിലും പേരു കൊടുക്കണമെന്നില്ല. കല്യാണം കഴിഞ്ഞ അപേക്ഷകര്‍ക്ക് മാര്യേജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ബന്ധവും ഒഴിവാക്കിയിട്ടുണ്ട്.
പാസ്‌പോര്‍ട്ടിനു വേണ്ടി അപേക്ഷിക്കുമ്പോള്‍ യഥാര്‍ഥ പിതാവിനു പകരം ആത്മീയ ഗുരുവിന്റെ പേരു ചേര്‍ക്കാന്‍ സന്യാസിമാര്‍ക്ക് അനുവാദം നല്‍കുന്നതാണ് മറ്റൊരു തീരുമാനം. വോട്ടര്‍ ഐഡിയിലോ പാന്‍ കാര്‍ഡിലോ ആധാര്‍ കാര്‍ഡിലോ ഈ വിവരം സമമായാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."