ഇടുക്കി ഡാമിലേക്കുള്ള ജലസ്രോതസടച്ച് അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി
തൊടുപുഴ:കുളമാവിന് സമീപം പോത്തുമറ്റത്ത് ഇടുക്കി ഡാമിലേക്കുള്ള ജലസ്രോതസുകളടച്ച് വന്‍ ഭൂമി കൈയേറ്റം. രഹസ്യാന്വേഷണ വിഭാഗം ജില്ലാ പൊലിസ് മേധാവിക്ക് ഇതുസംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കും കൈമാറിയിരുന്നു. തുടര്‍ന്ന് ആര്‍.ഡി.ഒ.സ്ഥലം സന്ദര്‍ശിച്ച് ജില്ലാ പൊലിസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.
പരിസ്ഥിതിലോല പ്രദേശമായ ഇവിടത്തെ മൊട്ടക്കുന്നുകളും, ചോലകളും, ചതുപ്പ് പ്രദേശങ്ങളും ഭൂമാഫിയയുടെയും കൈയേറ്റ മാഫിയയുടേയും പിടിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യുതി വകുപ്പിന്റെ കുളമാവ് വടക്കേപ്പുഴ ഡൈവേര്‍ഷന്‍ പദ്ധതിയും, ഡാമിലേക്കുള്ള വടക്കേപ്പുഴ ജലസ്രോതസ്സും ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഇവിടങ്ങളില്‍ ഏതാനും വര്‍ഷം മുന്‍പ് പട്ടയം നല്‍കിയ രണ്ട് ഏക്കര്‍ വരുന്ന ഭൂമി അടുത്ത കാലത്ത് മറിച്ചുവിറ്റിരുന്നു.
ഈ ഭൂമി വാങ്ങിയയാള്‍ ഇതിനു ചുറ്റുമുള്ള അഞ്ചേക്കറോളം സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. പ്രദേശത്ത് കോടികള്‍ മുടക്കി സര്‍ക്കാര്‍ ഭൂമികൈയേറി റോഡ് നിര്‍മിച്ചിട്ടുമുണ്ട്.
ഇവിടങ്ങളിലെ ജലസ്രോതസ്സുകള്‍ പൂര്‍ണമായും അടച്ചതിനാല്‍ കുളമാവ് ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെതിരേ നടപടിയെടുക്കണം. ഇതിന് ഒത്താശ ചെയ്ത റവന്യൂ, പഞ്ചായത്ത്, മൈനിംഗ് ആന്റ് ജിയോളജി, പൊലിസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ആര്‍.ഡി.ഒ.യും ജില്ലാ പൊലിസ് മേധാവി എ.വി.ജോര്‍ജും സ്ഥലം സന്ദര്‍ശിച്ചത്. പ്രദേശത്ത് തണ്ണീര്‍ത്തടങ്ങള്‍ നികത്തി നീരൊഴുക്ക് തടഞ്ഞ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തിയെന്ന് ആര്‍.ഡി.ഒ. പറഞ്ഞു. കെ.എസ്.ഇ.ബി, റവന്യൂ, വനം വകുപ്പുകളുടെയും ഏതാനും ഏക്കര്‍ പട്ടയഭൂമിയും ഇവിടെയുണ്ട്. ഇതില്‍ ഏതുഭൂമിയിലാണ് കൈയേറ്റം നടന്നതെന്നറിയാന്‍ വകുപ്പുദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തും.
പ്രദേശം ഇടുക്കി വില്ലേജിലാണോ അറക്കുളത്താണോ എന്ന തര്‍ക്കം നിലനില്‍ക്കുന്നു. കൈയേറ്റം എത്രമാത്രം നടന്നുവെന്നതിനെ കുറിച്ച് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാകൂവെന്ന് ആര്‍.ഡി.ഒ. സൂചിപ്പിച്ചു. കൈയേറ്റം സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡി.ജി.പി എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ പൊലിസ് മേധാവി പറഞ്ഞു. കൈയേറ്റക്കാരനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."