കൈക്കൂലി: റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് തടവും പിഴയും
കോഴിക്കോട്: കൈക്കൂലിക്കേസില്‍ റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് രണ്ടുവര്‍ഷം കഠിനതടവും 20000 രൂപ പിഴയും. പാലക്കാട് ഷൊര്‍ണൂര്‍ കവളപ്പാറ മാനന്നൂര്‍ അത്തിപ്പറ്റ വീട്ടില്‍ എ. ബാലഗോപാലനെയാണ്(63) കോഴിക്കോട് വിജിലന്‍സ് സ്‌പെഷല്‍ ജഡ്ജി വി.പ്രകാശ് ശിക്ഷിച്ചത്.
പ്രതി തിരൂര്‍ മുനിസിപ്പാലിറ്റിയില്‍ ഗ്രേഡ്‌വണ്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയിരിക്കെ എടപ്പാള്‍ കോലളമ്പ് വാകയില്‍ വീട്ടില്‍ അബ്ദുല്‍ സമദില്‍ നിന്നു കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് ശിക്ഷ. അഴിമതി നിരോധനിയമപ്രകാരമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കഠിന തടവും അനുഭവിക്കേണ്ടി വരും. പരാതിക്കാരന്റെ ബന്ധുവിന്റെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ ആദ്യം 2000 രൂപയും പിന്നീട് 750 രൂപയും കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി ആയിരുന്ന ടി.ജെ.ജോഷി ജോസഫാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിജിലന്‍സ് അടയാളപ്പെടുത്തിയ നോട്ടുകള്‍ പരാതിക്കാരന്‍ തിരൂര്‍ മുനിസിപ്പല്‍ ഓഫിസിലെ തന്റെ ഓഫിസ് മുറിയില്‍ വച്ച് ബാലഗോപാലന് നല്‍കുകയും രൂപ തന്റെ മേശ വലിപ്പില്‍ നിക്ഷേപിക്കുകയും ചെയ്തു. മേശവലിപ്പില്‍ നിന്നു കൈക്കൂലിപ്പണം കണ്ടെത്തിയതിനെ തടര്‍ന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. 2006 ഓഗസ്റ്റില്‍ അന്നത്തെ ഡിവൈ. എസ്.പി പി.അബ്ദുല്‍ ഹമീദ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി 10 സാക്ഷികളെയും 31 രേഖകളും നാല് തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. വിചാരണക്കിടെ പരാതിക്കാരന്‍ കൂറുമാറിയിരുന്നെങ്കിലും പ്രതി കൈക്കൂലി ചോദിച്ചതും വാങ്ങിയതും പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."