സംസ്ഥാന കായികോത്സവ ജേതാക്കള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു
തേഞ്ഞിപ്പലം: അറുപതാമത് സംസ്ഥാന കായികോത്സവ ജേതാക്കള്‍ക്ക് കാലിക്കറ്റ് സര്‍വ്വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ ട്രോഫികള്‍ സമ്മാനിച്ചു. കായികോത്സവത്തില്‍ ചാംപ്യന്‍പട്ടം തിരിച്ചുപിടിച്ച പാലക്കാട് ജില്ലാ ടീം മന്ത്രിയില്‍ നിന്നു ട്രോഫി ഏറ്റുവാങ്ങി.
95 ഇനങ്ങളില്‍ നിന്നായി 28 സ്വര്‍ണവും 25 വെള്ളിയും 21 വെങ്കലവും നേടി 255 പോയിന്റോടെയാണ് പാലക്കാട് കിരീടം ചൂടിയത്. 24 സ്വര്‍ണവും 31 വെള്ളിയും 20 വെങ്കലവും അടക്കം 247 പോയിന്റ് ലഭിച്ച എറണാകുളം രണ്ടാം സ്ഥാനത്തെത്തി. ഇവര്‍ക്കുള്ള ട്രോഫിയും മന്ത്രി കൈമാറി. മികച്ച സ്കൂളിനുള്ള ട്രോഫി കോതമംഗലം മാര്‍ബേസില്‍ സ്കൂള്‍ ടീം ഏറ്റുവാങ്ങി. 14 സ്വര്‍ണം അടക്കം 117 പോയിന്റോടെയാണ് മാര്‍ബേസില്‍ ഒന്നാമതെത്തിയത്. കല്ലടി എച്ച്.എസ്.എസ് കുമരംപുത്തൂര്‍ 15 സ്വര്‍ണം അടക്കം 102 പോയിന്റുമായി രണ്ടാം സ്ഥാനം നേടി. കായികോത്സവത്തില്‍ മികച്ച നേട്ടം കൈവരിച്ച സ്കൂളുകള്‍ക്കും വ്യക്തിഗത നേട്ടങ്ങള്‍ ഉണ്ടാക്കിയവര്‍ക്കും കഴിഞ്ഞ വര്‍ഷം കായിക മേളയിലെ മികച്ച റിപ്പോര്‍ട്ടിങ്ങിനുമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡും മന്ത്രി കൈമാറി. ഈ മാസം ആറിനു സര്‍വകലാശാല സ്റ്റേഡയിത്തില്‍ നടന്ന കായികോത്സവത്തിന്റെ സമാപന ദിവസം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് സമാപന, സമ്മാനദാന ചടങ്ങുകള്‍ മാറ്റി വയ്ക്കുകയായിരുന്നു.
ചടങ്ങില്‍ സംഘാടക സമിതി ചെയര്മാന് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷനായി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, രജിസ്ട്രാര്‍ ഡോ. ടി.എന്‍ അബ്ദുല്‍ മജീദ്, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ ഹനീഫ, കെ വിശ്വനാഥ്, ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ചെയര്മാന് പ്രൊഫ: എ.പി അബ്ദുല്‍ വഹാബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്തകുമാരി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍ കലാം മറ്റു പ്രമുഖര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."