ചിറക്കല്‍ പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു
കൊളത്തൂര്‍: പതിറ്റാണ്ടുകള്‍ക്കു മുന്‍പു വെങ്ങാട് മൂര്‍ക്കനാട് റോഡില്‍ പണിത ചിറക്കല്‍ പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു. വലിയ വാഹനങ്ങള്‍ പാലത്തില്‍ കുടുങ്ങുന്നത് ഇവിടെ നിത്യസംഭവമാണ്.
ഇതു കാരണം ഡ്രൈവര്‍മാരും ഗതാഗതം തടസപ്പെടുന്നതു കാരണം മറ്റു യാത്രക്കാരും പ്രയാസത്തിലാകുന്നുമുണ്ട്. 1966 കാലഘട്ടത്തിലാണ് ചിറക്കല്‍ പാലം നിര്‍മിച്ചത്. 48 വര്‍ഷത്തിലേറെ പയക്കമുള്ള പാലത്തിന്റെ അശാസ്ത്രീയ നിര്‍മാണമാണ് വലിയ വാഹനങ്ങള്‍ക്ക് ഇന്നും ഇതുവഴി കടന്നുപോകാന്‍ സാധിക്കാത്തതിനു കാരണം.
വെങ്ങാട് ടൗണില്‍നിന്ന് ഒരു കിലോമീറ്ററുകളോളം അകലെയാണ് ചിറക്കല്‍ തോട് പാലം സ്ഥിതിചെയ്യുന്നത്. പാലത്തിലെത്തുന്നതോടെ കഠിനമായ വളവ് തിരിയാനാകാതെ ഹെവി വാഹനങ്ങള്‍ കുടുങ്ങും. വാഹനം പിറകോട്ടെടുത്താല്‍ വയലിലേക്കു മറിയുകയും ചെയ്യും.
കഴിഞ്ഞ ദിവസം മൂര്‍ക്കനാടിലേക്ക് ഹിറ്റാച്ചി വാഹനവുമായി വന്ന ഹെവി ലോറിയും പാലത്തില്‍ കുടുങ്ങിയിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വാഹനം പാലം കടന്നുപോയത്. പാലക്കാട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മൂര്‍ക്കനാട് എടപ്പലം പാലത്തിലേക്കുള്ള എളുപ്പമാര്‍ഗം കൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."