നോട്ട് നിരോധനം തെറ്റായിരുന്നുവെന്ന് മോദി മനസിലാക്കും: ചിദംബരം
ചെന്നൈ: അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മനസ്സിലാക്കിയതുപോലെ നോട്ട് നിരോധനം തെറ്റായിരുന്നുവെന്ന്് മോദിക്ക് മനസ്സിലാക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയുമായ പി ചിദംബരം.
തന്റെ തീരുമാനം തെറ്റായെന്ന് തിരിച്ചറിയുമ്പോഴേക്കും രാജ്യത്തെ ജനങ്ങളെ അത് സാരമായി ബാധിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ആസ്ഥാനമായ സത്യമൂര്‍ത്തി ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.
1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിരുന്നുവെന്ന് ഇന്ദിരാഗാന്ധി തുറന്നു സമ്മതിച്ചിട്ടുണ്ട്. താന്‍ പ്രധാനമന്ത്രിയായിരിക്കേ ഇനി അത്തരത്തിലൊരു തീരുമാനമെടുക്കില്ലെന്നും അവര്‍ ഉറപ്പ് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ അവര്‍ മരിച്ച് 32 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ജനഹൃദയങ്ങളില്‍ ഇന്ദിര ജീവിക്കുകയാണ്. ഇതുപോലെ തെറ്റായ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് നോട്ട് നിരോധനം സ്വീകരിക്കേണ്ടി വന്നതെന്ന കാര്യം തുറന്നു പറയാന്‍ മോദി തയാറാകണമെന്നും ചിദംബരം വ്യക്തമാക്കി.
രാജ്യത്ത് മോദി പ്രഖ്യാപിച്ച നോട്ട് നിരോധനത്താല്‍ 45 ദിവസം കൊണ്ട് 45 കോടി വരുന്ന ജനങ്ങള്‍ യാചകരായെന്നും ഇടത്തരം കുടുംബങ്ങളെ പരസ്പരമുള്ള ഏറ്റുമുട്ടലിന്റെ വക്കിലെത്തിച്ചുവെന്നും ചിദംബരം ആരോപിച്ചു.
മോദി പറഞ്ഞ 50 ദിവസങ്ങള്‍ കൊണ്ട് പ്രശ്‌നം തീരില്ല. കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടി വരുമെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി. കള്ളപ്പണത്തിന്റെ വേരറുക്കാന്‍ നോട്ട് നിരോധനം കൊണ്ട് സാധിക്കും എന്ന മോദിയുടെ ധാരണ അബദ്ധവും കള്ളവുമായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടുവെന്നും ചിദംബരം പറഞ്ഞു. നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി തെറ്റ് ഏറ്റു പറയണം. തനിക്ക് തെറ്റുപറ്റിയെന്ന് പറയാന്‍ മോദി തയാറാകണം. അത്തരത്തിലുള്ള ഏറ്റുപറച്ചില്‍ മോദിയെ വലിയവനാക്കുകയേ ഉള്ളുവെന്നും ചിദംബരം പറഞ്ഞു.
രാജ്യത്തെ പണരഹിത സമൂഹമാക്കി മാറ്റുകയെന്നതാണ് മോദി ലക്ഷ്യം വയ്ക്കുന്നത്. ഇത് അസാധ്യമാണ്. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പോലും 46 ശതമാനം ഇടപാടുകളും നടക്കുന്നത് പണത്തിലൂടെയാണ്. ജര്‍മനിയിലാകട്ടെ ഇത് 80 ശതമാനമാണെന്നും ചിദംബരം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."