മെട്രോ റെയില്‍ നിര്‍മാണം നീട്ടുന്നതിന്റെ ഭാഗമായി സാമൂഹ്യ ആഘാത പഠനം നാളെ ആരംഭിക്കും
കാക്കനാട്: മെട്രോ റെയില്‍ നിര്‍മാണം കാക്കനാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായി സാമൂഹ്യ ആഘാത പഠനം നാളെ ആരംഭിക്കും. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂമി ഉടമകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനാണ് സമിതി പരിശോധന നടത്തുന്നത്. 200 ഭൂവുടമകള്‍ക്കു താഴെയാണെങ്കില്‍ ജില്ലാതല സമിതിയും ഇതിനു മുകളിലായാല്‍ സംസ്ഥാന തലസമിതിയുമാണ് റിപ്പോര്‍ട്ട് അംഗീകരിക്കേണ്ടത്. രണ്ടു മാസത്തിനകം സാദ്ധ്യത പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഏഴ് വിദഗ്ധര്‍ അടങ്ങുന്ന സമിതിയില്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലെ രണ്ട് അംഗങ്ങളെ നിയോഗിക്കാം. ഇതില്‍ ഒരാള്‍ വനിതയാകണം. ഇരുവരേയും നിശ്ചയിക്കുന്നത് ജില്ലാ കലക്ടറാണ്.
പാലാരിവട്ടം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് നിര്‍ദിഷ്ട മെട്രോ റെയില്‍ നിര്‍മിക്കുന്നത് ഇതിന്റെ ഭാഗമായി ഭൂവുടമകളുടെ കെട്ടിടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, കൃഷി, വ്യവസായം, ആരാധനാലയങ്ങള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, വൃക്ഷങ്ങള്‍ എന്നിവ നഷ്ടപ്പെടുന്നുണ്ടോ എന്ന് സമിതി പഠിക്കും. ഇതിനാവശ്യമായ പരിഹാര നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിന്റെ ഭാഗമായി ഉണ്ടാകും. വീടു വീടാന്തരം കയറിയിറങ്ങി ആയിരിക്കും റിപ്പോര്‍ട്ട് ശേഖരിക്കുക. കണയന്നൂര്‍ താലൂക്കിലെ ഇടപ്പള്ളി സൗത്ത്, വാഴക്കാല, കാക്കനാട് വില്ലേജുകളിലെ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
ഇതോടൊപ്പം, നിര്‍മാണത്തിലിരിക്കുന്ന മെട്രോ റെയിലിന്റെ അടുത്ത ഘട്ടം എന്ന നിലയില്‍ വൈറ്റില കുന്നറ പാര്‍ക്ക് മുതല്‍ തൃപ്പുണിത്തറ വരെ രണ്ട് ഘട്ടങ്ങളിലായാണ് ഭൂമി ഏറ്റെടുക്കുന്നത്. ഒന്നാം ഘട്ടം കുന്നറ പാര്‍ക്ക് മുതല്‍ പേട്ട വരെയും രണ്ടാം ഘട്ടം പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുമാണ്. കുന്നറ പാര്‍ക്കു മുതല്‍ തൃപ്പൂണിത്തുറ വരെ ആറര ഏക്കര്‍ ഭൂമിയാണ് മെട്രോ റെയില്‍ നിര്‍മ്മാണത്തിന് തൃപ്പൂണിത്തുറ നടന്ന വില്ലേജുകളിലെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. കുന്നറ പാര്‍ക്ക് മുതല്‍ പേട്ട വരെ 365 സെന്റും, പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെ 285 സെന്റ് ഭൂമിയുമാണ് ഏറ്റെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."