മയില്‍ നൃത്തങ്ങളുടെ മഴവില്‍ കാഴ്ചകളുമായി ചൂലനൂര്‍ മയില്‍സങ്കേതം
കോട്ടായി: കേരളത്തിലെ ഏക മയില്‍സങ്കേതമായ ചൂലനൂര്‍ മയില്‍സങ്കേതം വിനോദ സഞ്ചാരികളില്‍ കാഴ്ചകളുടെ അഴകുവിടര്‍ത്തുന്നു. പ്രശസ്ത പക്ഷിനിരീക്ഷകന്‍ കെ.കെ നീലകണ്ഠ (ഇന്ദുചൂഡന്‍)ന്റെ നാമധേയത്തില്‍ പെരുങ്ങോട്ടുകുറുശിയില്‍ സ്ഥിതിചെയ്യുന്ന മയില്‍സങ്കേതം ഒട്ടേറെ സവിശേഷതകളാല്‍ സമ്പന്നമാണെങ്കിലും വേണ്ടത്ര പ്രചാരണം ഇതുവരെ ലഭിച്ചിട്ടില്ല.
2007ല്‍ അന്നത്തെ വനവകുപ്പു മന്ത്രി ബിനോയ് വിശ്വമാണ് മയില്‍സങ്കേതം ഉദ്ഘാടനം ചെയ്തത്. 342 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമിയില്‍ പാലക്കാട് തൃശൂര്‍ ജില്ലകളിലായാണ് ചൂലനൂര്‍ മയില്‍സങ്കേതം സ്ഥിതിചെയ്യുന്നത്. ചെറുകുന്നുകളും ചെരിവുകളും പാറക്കെട്ടുകളും ഭൂരിഭാഗം വനം പ്രദേശവുമുള്ള ഇവിടെ 320ല്‍പരം സസ്യങ്ങള്‍, ഇരുനൂറിനടുത്ത് മയിലുകള്‍, 76 ഇനം പക്ഷികള്‍ എന്നിവയാണുള്ളത്. നിരവധി മയിലുകളെ ഒരേസമയം നേരില്‍ കാണാനുള്ള സാധ്യതയാണ് മറ്റുവനം പ്രദേശങ്ങളില്‍നിന്നും ചൂലനൂരിനെ വ്യത്യസ്തമാക്കുന്നത്.
ഉപയോഗിക്കുന്ന ദന്തപ്പാല, വള്ളിപ്പാല തുടങ്ങിയ നൂറുകണക്കിന് ഔഷധസസ്യങ്ങളും വനത്തില്‍ കാണുന്നുണ്ട്. വന്യമൃഗങ്ങള്‍ ഇല്ലാത്തതിനാല്‍ ട്രക്കിങ്ങിനുള്ള സാധ്യതയുമുണ്ടെങ്കിലും ഇക്കോ ടൂറിസം പദ്ധതിക്ക് പറ്റിയ സാഹചര്യത്തിനായി കുറേക്കൂടി സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയ്ക്കായി ക്യാംപുകളും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്. താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. 50 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മെട്രിയുമുണ്ട്.
ഏറുമാടങ്ങള്‍, മയില്‍ മ്യൂസിയം എന്നിവ ഭാവിയില്‍ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണെങ്കിലും മയിലുകള്‍ക്ക് കുടിക്കാന്‍ കാടിന്റെ പലഭാഗങ്ങളില്‍ കൃത്രിമ കുളങ്ങളില്‍ വെള്ളം നിറച്ചാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇത്തരം അസൗകര്യങ്ങള്‍ ഒഴിച്ചാല്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട പ്രദേശമായി ചൂലനൂര്‍ മാറിയതോടെ സംസ്ഥാനത്തിനു പുറത്തുനിന്നുംവരെ ചൂലനൂര്‍ മയില്‍സങ്കേതവും ആ മയിലുകള്‍ പീലി വിടര്‍ത്തിയാടുന്ന നയനമനോഹാരിതയും കാണാനെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ദിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."