മന്ത്രിമാര്‍ മൂന്ന്; വികസന പ്രതീക്ഷയോടെ ജില്ല
ധനകാര്യത്തില്‍ തിളങ്ങാന്‍ ഐസക്
പൊതുമരാമത്തിന്റെ മുഖംമാറ്റാന്‍ ജി സുധാകരന്‍
തമീം സലാം കാക്കാഴം
ആലപ്പുഴ : സംസ്ഥാനത്തിന്റെ ഭരണ ചക്രം തിരിക്കാന്‍ മൂന്ന് മന്ത്രിമാരെത്തുന്നതോടെ ജില്ലയിലെ ജനങ്ങള്‍ ശുഭ പ്രതീക്ഷയിലാണ്. ധനകാര്യ വകുപ്പിന്റെ ചുക്കാന്‍ പിടിക്കുന്ന തോമസ് ഐസകിലും പുതുതായി പൊതുമരാമത്തിന്റെ തലപ്പത്തെത്തുന്ന ജി.സുധാകരനിലും ജില്ല ഏറെ പ്രതീക്ഷിക്കുന്നു. സി.പി.ഐയില്‍ നിന്ന് മന്ത്രി സ്ഥാനം പി.തിലോത്തനും ഉറപ്പിച്ച് കഴിഞ്ഞു. കുട്ടനാട്ടിലെ തോമസ് ചാണ്ടിയുടെ കാര്യത്തിലാണ് അനിശ്ചിതത്വം ബാക്കിയുള്ളത്. തോമസ് ചാണ്ടി കൂടിയെത്തിയാല്‍ ജില്ലയിലെ മന്ത്രിമാരുടെ പ്രാതിനിധ്യം നാലായി ഉയരും.
പുതിയ സര്‍ക്കാരും ജില്ലയെ കുറിച്ച് വ്യക്തമായ ധാരണയുള്ള നേതാക്കളും മന്ത്രിമാരുമെത്തുമ്പോള്‍ ആലപ്പുഴയുടെ പ്രതീക്ഷ വാനോളമുയരുന്നു. വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന ആലപ്പുഴ ജില്ല ഒരു കുതിച്ച് കയറ്റത്തിലേക്കുള്ള പ്രതീക്ഷയിലാണുള്ളത്. തോമസ് ഐസക് നേരത്തെ തുടങ്ങിവച്ച മാലിന്യ സംസ്‌ക്കരണം, ജൈവപച്ചക്കറി പോലെയുള്ള പദ്ധതികള്‍ കൂടാതെ ജില്ലയെ മുന്‍ നിരയിലെത്തിക്കാന്‍ കര്‍മ പദ്ധതികള്‍ തയ്യാറാക്കുമെന്നാണ് പ്രതീക്ഷ. മികച്ച ഭരണാധികാരിയെന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ട ജി.സുധാകരന്‍ പൊതുമരാമത്ത് കൈയാളുമ്പോള്‍ പാലങ്ങളും റോഡുകളും ഏറെയുള്ള ജില്ലക്ക് നേട്ടമാകുമെന്നാണ് കരുതുന്നത്.
പൊതുമേഖലാ വ്യവസായങ്ങളുടെ തിരിച്ചു വരവു പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനവുമൊക്കെ പുതിയ സര്‍ക്കാറിലുള്ള പ്രതീക്ഷകളാണ്. തീരദേശം അടിക്കടിനേരിടുന്ന കടലാക്രമണം ചെറുക്കാനുള്ള പദ്ധതികളും അമ്പലപ്പുഴ സര്‍ക്കാര്‍ കോളജിന്റെ വികസനവും രൂക്ഷമാകുന്ന കുടിവെള്ളപ്രശ്‌നവുമൊക്കെ വെല്ലുവിളിയായി മുന്നിലുണ്ട്.
ജില്ലയിലെ പൊതുമേഖലാ വ്യവസായങ്ങള്‍ തകര്‍ച്ചയിലാണെന്നതാണ് പ്രധാന വെല്ലുവിളി. കലവൂരിലെ കെ.എസ്.ഡി.പി, ഹോംകോ, ഒട്ടോകാസ്റ്റ്, ചെങ്ങന്നൂരിലെ സെന്‍ട്രല്‍ ഹാച്ചറി, അരൂരിലെ കെല്‍ട്രോണ്‍ തുടങ്ങിയവുടെ പ്രതിസന്ധികള്‍ നീങ്ങുമോയെന്ന് ജനങ്ങള്‍ ഉറ്റുനോക്കുന്നു.
ജില്ലയില്‍ പരമ്പരാഗത വ്യവസായമായ കയര്‍ മേഖല പൂര്‍ണമായും തകര്‍ച്ചയിലാണ്. കയര്‍ഫെഡ്, കയര്‍ കോര്‍പറേഷന്‍, ഫോംമാറ്റിങ്‌സ് എന്നിവ കടുത്ത പ്രസിസന്ധിയിലാണ്. പ്രധാനവെല്ലുവിളി ചകിരിയുടെ ക്ഷാമംതന്നെയാണ്. കയര്‍ മേഖലയിലേക്കുള്ള തമിഴ്‌നാട്ടിന്റെ കടന്നു വരവും പ്രശ്‌നം സൃഷ്ടിക്കുന്നു.തൊഴിലാളികളുടെ ശമ്പള വര്‍ധനവുള്‍പ്പടെയുള്ളവ പരിഗണിക്കപ്പെടുമെന്നാണ് ജില്ലയുടെ പ്രതീക്ഷ.
പൊതുമരാമത്ത് ജി.സുധാകരന്‍ വഴി ജില്ലയിലെത്തുമ്പോള്‍ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദേശീയപാത ഉള്‍പ്പെടെ എല്ലാ റോഡുകളും വാഹനപ്പെരുപ്പത്തില്‍ വീര്‍പ്പുമുട്ടുകയാണ്. കൂടാതെ അപകടവും നിത്യ സംഭവമാണ്. ഇഴയുന്ന ആലപ്പുഴ ബൈപ്പാസ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജില്ലയിലെ ഗ്രാമീണ റോഡുകള്‍ മിക്കതും തകര്‍ച്ചയിലാണ് .ഇത് ജനങ്ങളുടെ യാത്രാദുരിതം ഇരട്ടിയാക്കുന്നു.അപടവാസ്ഥയിലായ പാലങ്ങളുടെ പുനര്‍ നിര്‍മാണം വേഗത്തിലാക്കുമെന്ന പ്രതീക്ഷയും നാട്ടുകാരിലുണ്ട്.
തോമസ് ഐസകില്‍ നിന്ന് ജില്ലയും പ്രത്യേകിച്ച് ആലപ്പുഴ നഗരവും ഏറെ പ്രതീക്ഷിക്കുന്നു. ജില്ലയുടെ കിളിവാതിലായ ആലപ്പുഴ ബസ്റ്റാന്‍ഡ് മാത്രമെടുത്താല്‍ മതി നഗരത്തിന്റെ ശോചനീയവസ്ഥ മനസിലാക്കാന്‍. ജില്ലയില്‍ പലസ്ഥലങ്ങളിലും ഹൈടെക് ബസ്റ്റാന്‍ എത്തുമ്പോഴാണ് നഗരത്തിലെ ഈ സ്ഥിതിയെന്നത് ഗരവമേറുന്നു. മുരടിപ്പ് നേരിടുന്ന വിനോദസഞ്ചാരമേഖലയും ഏറെ പ്രതീക്ഷിക്കുന്നുണ്ട്. മുടങ്ങി കിടക്കുന്ന ആലപ്പുഴ മെഗാടൂറിസം പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിച്ചാല്‍ ഉപകാരപ്രദമാകുമെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."