പള്ളൂരില്‍ ബി.ജെ.പി ഓഫിസിനും വീടുകള്‍ക്കും നേരെ ബോംബേറ്
മാഹി: പള്ളൂരില്‍ ബി.ജെ.പി ഓഫിസിനും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ ബോംബേറ്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.
ഇരട്ടപ്പിലാക്കൂലിലെ ബി.ജെ.പി ഓഫിസിനു നേരെയാണ് ആദ്യം ബോംബേറുണ്ടായത്. ഓഫിസിന്റെ മേല്‍ക്കൂര തകര്‍ന്നു. ഇതിന്റെ തുടര്‍ച്ചയായി ബി.ജെ.പി പ്രവര്‍ത്തകരായ വെസ്റ്റ് പള്ളൂരിലെ സച്ചിന്, പള്ളൂരിലെ കൃഷ്ണ നിവാസില്‍ മഗനീഷ് എന്നിവരുടെ വീടുകള്‍ക്കു നേരേയും ബോംബേറുണ്ടായി. അക്രമത്തില്‍ പ്രതിഷേധിച്ച് മാഹിയില്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടു മുതല്‍ വൈകുന്നേരം ആറുമണിവരെ ബി.ജെ.പി
മണ്ഡലം കമ്മിറ്റി ഹര്‍ത്താല്‍ ആചരിച്ചു.
വെള്ളിയാഴ്ച അര്‍ധരാത്രി പള്ളൂര്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ കൗണ്‍സിലറുമായിരുന്ന കണ്ണിപ്പൊയില്‍ ബാബുവിനെ ഒരു സംഘം അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. പള്ളൂര്‍ ടൗണില്‍ നിന്നു കോറോത്ത് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അപായപ്പെടുത്താനുള്ള ശ്രമം നടന്നത്. ബഹളം കേട്ടു വന്ന അയല്‍വാസികളുടെ സഹായത്തോടെ ബാബു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അക്രമത്തിനു പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നു സി.പി.എം പള്ളൂര്‍ ലോക്കല്‍കമ്മിറ്റി ആരോപിച്ചു. ഇന്നലെ വൈകുന്നേരം സി.പി.എം പ്രവര്‍ത്തകര്‍ പള്ളൂരില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. അക്രമം നടത്തിയതിന് പന്തക്കലിലെ മസ്താന് രജീഷ്, പള്ളൂര്‍ പൂശാരി കോവിലനടുത്തെ ഒ.പി രജീഷ്, പള്ളൂരിലെ മഗനീഷ് തുടങ്ങിയ എട്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."