ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ എന്‍ജിനിയറോട് വിശദീകരണം തേടും
മലപ്പുറം: വേങ്ങരയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ കെട്ടിടത്തിനു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ എന്‍ജിനിയറോട് വിശദീകരണം ചോദിക്കും. ഇന്നലെ ചേര്‍ന്ന ജില്ലാപഞ്ചായത്ത് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
കെട്ടിടം തകര്‍ന്നുവീണ സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡി സ്‌കൂള്‍ എന്നിവയുടെ കെട്ടിടങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനും യോഗം തീരുമാനിച്ചു. കെട്ടിടങ്ങള്‍ തകര്‍ച്ചാ ഭീഷണിയുള്ളവയാണെങ്കില്‍ പൊളിച്ചുനീക്കും. വിവിധ റോഡ് നിര്‍മാണമുള്‍പ്പെടെ 73 പ്രവൃത്തികള്‍ക്കുള്ള ടെന്‍ഡറിനും ജില്ലാ പഞ്ചായത്ത് അംഗീകാരം നല്‍കി. ഇരുനൂറോളം പ്രവൃത്തികളുടെ എസ്റ്റിമേറ്റ് ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. ഇതു പദ്ധതി നിര്‍വഹണത്തെ ബാധിക്കും.
25 പഞ്ചായത്തുകളില്‍ അസി.എന്‍ജിനിയര്‍മാരില്ലാത്തതാണ് എസ്റ്റിമേറ്റ് തയാറാക്കുന്നതിനു കാലതാമസമെടുക്കാന്‍ കാരണം. മൂന്നു മുതല്‍ അഞ്ചുവരെ പഞ്ചായത്തുകളുടെ ചുമതലയാണ് ഒരോ അസി.എന്‍ജിനിയര്‍മാര്‍ക്കും നല്‍കിയിരിക്കുന്നത്.
ജോലിഭാരം കാരണം ഇവര്‍ ജില്ലാപഞ്ചായത്ത് പദ്ധതികളുടെ എസ്റ്റിമേറ്റ് തയാറാക്കാന്‍ വിമുഖത കാണിക്കുകയാണെന്ന് അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. എസ്റ്റിമേറ്റ് തയാറാക്കാന്‍ കാലതാമസം നേരിടുന്ന ഡിവിഷനുകളിലെ ചുമതയുള്ള അസി.എക്‌സി എന്‍ജിനിയര്‍മാരുടെയും അസി. എന്‍ജിനിയര്‍മാരുടെയും യോഗം 29ന് വിളിച്ചിട്ടുണ്ട്.
യോഗത്തില്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷന്മാരായ ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, വി. സുധാകരന്‍, അനിത കിഷോര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."