എം.എം മണി ജനാധിപത്യ കേരളത്തിന് അപമാനം: യൂത്ത് ലീഗ്
തൊടുപുഴ: സ്വയം കൊലപാതക കഥകള്‍ വിളിച്ചുപറയുകയും അതില്‍ മേനി നടിക്കുകയും ചെയ്യുന്ന എം.എം മണിയും അദ്ദേഹത്തെ സംരക്ഷിക്കുന്ന ഇടതുമുന്നണിയും ജനാധിപത്യ കേരളത്തിന് അപമാനവും ബാധ്യതയുമായി മാറുകയാണെന്ന് യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് സിയാദ് പറഞ്ഞു. എം.എം മണി മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് തൊടുപുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിടുതല്‍ ഹര്‍ജി നല്‍കിയിട്ടും അത് പരിഗണിക്കാതെ എം.എം മണിയെ പ്രതിപ്പട്ടികയില്‍ നിലനിര്‍ത്തുന്ന തരത്തില്‍ ഉണ്ടായ കോടതിയുടെ പരാമര്‍ശം ബോധ്യപ്പെടാതെ മണിയെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സി.പി.എമ്മിന്റെ യഥാര്‍ത്ഥ മുഖമാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നക്‌സല്‍ വര്‍ഗീസിനെ കൊലപ്പെടുത്തിയത് താനാണെന്ന് വെളിപ്പെടുത്തിയ കോണ്‍സ്റ്റബിള്‍ രാമചന്ദ്രനെ വര്‍ഷങ്ങള്‍ക്ക് ശേഷം ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കിയ നിയമ വ്യവസ്ഥിതിയാണ് കേരളത്തിന്റേതെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും മനസിലാക്കണമെന്നും പിണറായി ഗവണ്‍മെന്റിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങള്‍ക്കെതിരേ യൂത്ത്‌ലീഗ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും കെ.എസ് സിയാദ് വ്യക്തമാക്കി.
ജില്ലാ യൂത്ത്‌ലീഗ് പ്രസിഡന്റ് ടി.കെ നവാസ്, ജന. സെക്രട്ടറി വി.എം റസാഖ്, ജില്ലാ ഭാരവാഹികളായ പി.എച്ച് സുധീര്‍, ഇ.എ.എം അമീന്‍, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സല്‍മാന്‍ ഹനീഫ്, ജില്ലാ ജന. സെക്രട്ടറി മുഹമ്മദ് ഷെഹിന്‍ഷാ, യൂത്ത്‌ലീഗ് നിയോജകമണ്ഡലം ഭാരവാഹികളായ പി.എന്‍ നൗഷാദ്, അനസ് കോയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."