പ്ലാച്ചിക്കരയില്‍ മാവോയിസ്റ്റുകളെത്തിയെന്നു അഭ്യൂഹം; നായാട്ടുകാരെന്നു പൊലിസ്
പരപ്പ: വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷന് പരിധിയിലെ പ്ലാച്ചിക്കരയില്‍ മാവോയിസ്റ്റുകളെ കണ്ടതായി അഭ്യൂഹം. നായാട്ടുകാരായിരിക്കാമെന്നു പൊലിസ് വിശദീകരണം. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പ്ലാച്ചിക്കര കോളനിയുടെ സമീപത്താണു ഞായറാഴ്ച വൈകിട്ട് നാടന്‍ തോക്കുകളുമായി രണ്ടംഗ സംഘത്തെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്. തങ്ങള്‍ ചീമേനി ക്യാംപില്‍ നിന്നാണു വരുന്നതെന്നും അടുത്തെങ്ങാനും പൊലിസ് സ്റ്റേഷനോ ഫോറസ്റ്റ് ഓഫിസോ ഉണ്ടോയെന്നു ചോദിച്ചതായും നാട്ടുകാര്‍ പറയുന്നു.
സംശയം തോന്നിയ നാട്ടുകാര്‍ ഉടന്‍ തന്നെ വെള്ളരിക്കുണ്ട് സി.ഐ സുനില്‍കുമാറിനെ വിവരമറിയിച്ചു. പൊലിസ് സംഘം പ്രദേശത്തു തിരച്ചില്‍ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല.
ഭീമനടി വനാന്തരങ്ങളിലും തിരച്ചില്‍ നടത്തി. മാവോയിസ്റ്റുകളാണെന്നു തെളിവുകളൊന്നും ലഭിച്ചില്ലെന്നും നായാട്ടുസംഘമാണെന്നു സംശയിക്കുന്നതായും പൊലിസ് പറഞ്ഞു. പ്രദേശത്തു പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കോളനികള്‍ കേന്ദ്രീകരിച്ചു മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ നക്സലൈറ്റ് ആഭിമുഖ്യമുള്ളവരുടെ വിവരശേഖരണവും നടത്തിയിരുന്നു. നേരത്തേ മാവോയിസ്റ്റുകള്‍ പൊലിസ് സ്റ്റേഷനുകള്‍ അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു ജില്ലയിലെ ചിറ്റാരിക്കാല്‍, ബേഡകം, ബദിയടുക്ക, രാജപുരം പൊലിസ് സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."