പരിയാരം ദേശീയപാത വികസനം നടപടിയായി
തളിപ്പറമ്പ്: പരിയാരം ദേശീയപാത വികസനത്തിനു തടസമായി നില്‍ക്കുന്ന മില്‍മ ബൂത്തും വൈദ്യുതി തൂണുകളും മാറ്റിസ്ഥാപിക്കും. ടി.വി രാജേഷ് എം.എല്‍.എ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമായത്.
സ്ഥിരം അപകട മേഖലയായ പരിയാരം ദേശീയപാതയില്‍ പിലാത്തറ മുതല്‍ ഏമ്പേറ്റ് വരെയുളള ഭാഗത്താണ് ആദ്യഘട്ടം വീതികൂട്ടല്‍ പുരോഗമിക്കുന്നത്.
ദ്രുതഗതിയിലുളള പ്രവര്‍ത്തനങ്ങള്‍ക്ക് പരിയാരം മെഡിക്കല്‍കോളജിനു മുന്നിലെ ബൂത്തും അലക്യംപാലം വളവിലെ വൈദ്യുതി തൂണും തടസമായതോടെ പ്രവൃത്തി നിര്‍ത്തിവച്ചിരുന്നു.
ഇതോടെയാണ് എം.എല്‍.എ മുന്‍കൈയെടുത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തത്. ബൂത്ത് പൊളിച്ചു നീക്കാന്‍ ഉടമക്ക് നോട്ടിസ് നല്‍കുമെന്നും ഇതിനു തയാറായില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ദേശീയപാത വിഭാഗം അസി. എന്‍ജിനിയര്‍ എം.വി യമുന പറഞ്ഞു. ഡിസംബര്‍ 31ന് തീര്‍ക്കാന്‍ ഉദ്ദേശിച്ച ജോലികളാണ് ഇതുകാരണം വൈകിയത്.
ഇവ നീക്കം ചെയ്യാന്‍ തീരുമാനമായതിനാല്‍ ജനുവരി 31നകം ഏമ്പേറ്റ് മുതല്‍ ആയുര്‍വേദ കോളജ് വരെയുള്ള ഭാഗത്തെ എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു ദേശീയപാത വിഭാഗം കരുതുന്നു.
മറ്റു ഭാഗങ്ങളില്‍ വീതികൂട്ടല്‍ ജോലികള്‍ പൂര്‍ത്തിയായി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."