ചെല്‍സിക്കും മാഞ്ചസ്റ്ററിനും ആഴ്‌സണലിനും ഹാപ്പി ബോക്‌സിങ് ഡേ
ലണ്ടന്‍: ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ അട്ടിമറിക്കാമെന്ന സണ്ടര്‍ലാന്‍ഡ് കോച്ച് ഡേവിഡ് മോയസിന്റെ ആഗ്രഹം സാധിച്ചില്ല. ഫെര്‍ഗൂസന്റെ പിന്‍ഗാമിയായി ഒരു വര്‍ഷം പരിശീലിപ്പിച്ച മുന്‍ ടീമിനെതിരേ സണ്ടര്‍ലാന്‍ഡിനെ വച്ച് ബോക്‌സിങ് ഡേയില്‍ പ്രതികാരം തീര്‍ക്കാനുള്ള മോഹം 3-1നു പരാജയമായി മാറി. മറ്റു മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ചെല്‍സി വിജയം ആവര്‍ത്തിച്ചു. ആഴ്‌സണല്‍, എവര്‍ട്ടന്‍ ടീമുകളും വിജയത്തോടെ ബോക്‌സിങ് ഡേ പോരാട്ടം അവിസ്മരണീയമാക്കി ക്രിസ്മസ് കൂടുതല്‍ ഹാപ്പിയാക്കി.
മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ചെല്‍സി ബേണ്‍മൗത്തിനെ പരാജയപ്പെടുത്തി. ആഴ്‌സണല്‍ 1-0ത്തിനു വെസ്റ്റ്‌ബ്രോംവിചിനേയും എവര്‍ട്ടന്‍ 2-0ത്തിനു ലെയ്സ്റ്റര്‍ സിറ്റിയേയും ബേണ്‍ലി 1-0ത്തിനു മിഡ്ഡ്ല്‍സ്‌ബ്രോയേയും പരാജയപ്പെടുത്തി. വെസ്റ്റ് ഹാം യുനൈറ്റഡ് സ്വാന്‍സീ സിറ്റിയെ അവരുടെ തട്ടകത്തില്‍ 4-1നു വീഴ്ത്തി. വാട്‌ഫോര്‍ഡ്- ക്രിസ്റ്റല്‍ പാലസ് പോരാട്ടം 1-1നു സമനില. ജയത്തോടെ 46 പോയിന്റുമായി ചെല്‍സി കുതിപ്പ് തുടരുന്നു.
ഒരു ഗോള്‍ നേടുകയും മറ്റൊന്നിനു വഴിയൊരുക്കുകയും ചെയ്ത് വെറ്ററന്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച് മൈതാനം നിറഞ്ഞ പോരാട്ടത്തിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സണ്ടര്‍ലാന്‍ഡിനെ വീഴ്ത്തിയത്. ഓള്‍ഡ് ട്രാഫോര്‍ഡിലേക്കുള്ള മടങ്ങി വരവില്‍ മോയസിനു ഓര്‍ക്കാന്‍ തിരിച്ചടിച്ച ഒരു ഗോളിന്റെ ആശ്വാസം മാത്രം ബാക്കി. 39ാം മിനുട്ടില്‍ ഡാലി ബ്ലിന്‍ഡിലൂടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്നിലെത്തി. പിന്നീട് ഇബ്രാഹിമോവിച് 82ാം മിനുട്ടില്‍ മാഞ്ചസ്റ്ററിനെ മുന്നിലെത്തിച്ചു. പോള്‍ പോഗ്ബയായിരുന്നു അസിസ്റ്റ്. 86ാം മിനുട്ടില്‍ മിഖതാര്യന്‍ പട്ടിക പൂര്‍ത്തിയാക്കി. ഈ ഗോളിനു വഴിയൊരുക്കിയത് ഇബ്രാഹിമോവിചായിരുന്നു.
പെഡ്രോ നേടിയ ഇരട്ട ഗോള്‍ മികവിലാണ് ചെല്‍സി തുടര്‍ച്ചയായ 12ാം വിജയം സ്വന്തം തട്ടകത്തില്‍ ആഘോഷിച്ചത്. 24, 90 മിനുട്ടുകളിലായിരുന്നു പെഡ്രോയുടെ ഗോളുകള്‍. 49ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ഏദന്‍ ഹസാദ് ഒരു ഗോളിനവകാശിയായി.
ഗോള്‍രഹിതമായി തീരുമായിരുന്ന മത്സരത്തിലാണ് ആഴ്‌സണല്‍ വിജയം സ്വന്തമാക്കിയത്. അവസാന നിമിഷം വരെ വെസ്റ്റ് ബ്രോംവിച് അവരെ ഗോളടിക്കാന്‍ അനുവദിക്കാതെ പ്രതിരോധിച്ചു. 86ാം മിനുട്ടില്‍ പ്രതിരോധ പൂട്ടുപൊളിച്ച് മെസുറ്റ് ഓസില്‍ കൊടുത്ത പാസില്‍ നിന്നു ഒലിവര്‍ ജിറൂദാണ് ഗണ്ണേഴ്‌സിനു വിജയം സമ്മാനിച്ചത്.
മിരാല്ലസ്, ലുകാകു എന്നിവരുടെ ഗോളുകളാണ് ലെയസ്റ്റര്‍ സിറ്റിയെ അവരുടെ തട്ടകത്തില്‍ കീഴടക്കാന്‍ എവര്‍ട്ടനെ തുണച്ചത്. സസ്പന്‍ഷനെ തുടര്‍ന്ന് ജാമി വാര്‍ഡിയില്ലാതെയാണ് നിലവിലെ ചാംപ്യന്‍മാര്‍ കളിക്കാനിറങ്ങിയത്. ലെയ്സ്റ്റര്‍ ടീമിനെ പിന്തുണയ്ക്കുന്നവര്‍ക്ക് വാര്‍ഡിയുടെ മുഖം മൂടി വിതരണം ചെയ്ത് സസ്പന്‍ഷനെതിരേ പ്രതിഷേധിക്കാനും ടീം അധികൃതര്‍ തയ്യാറായി.
ക്രിസ്റ്റല്‍ പാലസിന്റെ പുതിയ കോച്ചായി ആദ്യ മത്സരത്തിനിറങ്ങിയ മുന്‍ ഇംഗ്ലണ്ട് പരിശീലകന്‍ സാം അല്ലാര്‍ഡൈസിനു സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. വാട്‌ഫോര്‍ഡിനെതിരായ മത്സരത്തില്‍ തുടക്കത്തില്‍ ഗോള്‍ നേടി മുന്നിലെത്തിയ ക്രിസ്റ്റല്‍ പാലസ് അവസാന നിമിഷം വഴങ്ങിയ ഗോളില്‍ സമനിലയില്‍ കുടുങ്ങുകയായിരുന്നു. 71ാം മിനുട്ടില്‍ ഡീനിയാണ് വോട്‌ഫോര്‍ഡിനായി വല ചലിപ്പിച്ചത്. വാട്‌ഫോര്‍ഡിനായി താരം നേടുന്ന നൂറാം ഗോളാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."