ദുരിത വേനല്‍
ചെറുവത്തൂര്‍: കൊടുംചൂടില്‍ വ്യാപകമായി കല്ലുമ്മക്കായകള്‍ നശിക്കുന്നു. കൃഷി നാശത്തെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് വന്‍സാമ്പത്തിക നഷ്ടം. ചെറുവത്തൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ തേജസ്വിനി പുഴയിലും, കൈവഴികളിലുമായി ഇത്തവണ നിരവധിപേര്‍ കൃഷിയിറക്കിയിരുന്നു. എന്നാല്‍ വിളവെടുക്കാന്‍ ഒരു മാസം ശേഷിക്കെ കല്ലുമ്മക്കായകള്‍ വ്യാപകമായി വായ പിളര്‍ന്നു നശിക്കുയാണ്. കാരി കുണ്ടുപടന്ന യുവധാര, ചെഗുവേര, ദേശാഭിമാനി സ്വയം സഹായസംഘങ്ങള്‍ ഇക്കുറി ഒരുമിച്ചാണ് കൃഷിയിറക്കിയത്. ഇവര്‍ക്ക് ഏതാണ്ട് അറുപതിനായിരം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ചെമ്പരിക്കയില്‍ നിന്നും വിത്തുകള്‍ എത്തിച്ച് നാലുമാസം മുമ്പാണ് 650 ഓളം തൂക്കുകള്‍ പുഴയില്‍ നിക്ഷേപിച്ചത്. വിത്തിനും, അത് കെട്ടിവച്ച മുളന്തണ്ടുകള്‍ക്കും, കയറിനും ഒക്കെയായി ഏതാണ്ട് എണ്‍പതിനായിരത്തോളം രൂപ ചെലവ് വന്നു. കല്ലുമ്മക്കായകള്‍ നശിച്ചു തുടങ്ങുന്നു എന്ന് കണ്ടെത്തിയതോടെ കഴിഞ്ഞ ദിവസം ഇവര്‍ വിളവെടുത്തു. എന്നാല്‍ വലുപ്പമില്ലാത്ത കല്ലുമ്മക്കായകളായിരുന്നു ഏറെയും. അതിനാല്‍ 20000 ത്തോളം രൂപ മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്. മൂന്നു വര്‍ഷം മുമ്പ് കൃഷി വിജയകരമായതിനെ തുടര്‍ന്നാണ് ഇക്കുറി വീണ്ടും വിത്തിറക്കിയത്. നഷ്ടം എങ്ങനെ നികത്തും എന്നറിയാതെ വിഷമിക്കുകയാണ് സംഘം പ്രവര്‍ത്തകര്‍. വ്യക്തിഗതമായും, സംഘം ചേര്‍ന്നും കൃഷിയിറക്കിയ നൂറുകണക്കിനു കര്‍ഷകരുടെ സ്ഥിതിയും സമാനമാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."