ക്യാംപില്‍ കൂടുതല്‍ സ്ത്രീകള്‍; പിടികിട്ടാപുള്ളികളും
കാളികാവ്: മാവോയിസ്റ്റുകളുടെ ഉള്‍ക്കാട്ടിലെ ക്യാംപുകളില്‍ കൂടുതല്‍ സ്ത്രീക്കളുള്ളതായി വിവരം. പ്രമുഖരായ അജിതയും സുന്ദരിയും മാത്രമാണ് സംഘത്തിലുള്ളതെന്നായിരുന്നു നേരത്തേയുള്ള നിഗമനം. എന്നാല്‍, മാവോയിസ്റ്റുകളില്‍നിന്നു ലഭിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേ ഇറക്കിയ ഹാസ്യനാടകം ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ രേഖകളില്‍നിന്നാണ് കൂടുതല്‍ സ്ത്രീകള്‍ ഉള്ളതായി വിവരം ലഭിച്ചത്.
സ്ത്രീകള്‍ക്കു പുറമേ നിരവധി കേസുകളിലെ പിടികിട്ടാപുള്ളികളും സംഘത്തിലുണ്ടെന്നും വിവരമുണ്ട്. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി ദിനാചരണത്തിലും ആയുധ പരിശീലനത്തിലും സ്ത്രീ സാനിധ്യത്തോടൊപ്പം പിടികിട്ടാപുള്ളികളേയും കാണുന്നുണ്ട്. മലയാളിയായ രാജന്‍ ചിറ്റിലപ്പള്ളി, കര്‍ണക സ്വദേശിയായ വിക്രം ഗൗഡ ഉള്‍പ്പെടെയുള്ളവരെ വ്യക്തമായി കാണുന്നുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇവര്‍ക്കെതിരേ നിലവില്‍ കേസുകളുണ്ട്. ഒളിവില്‍പോയ രാജന്‍ ചിറ്റിലപ്പള്ളിയെക്കുറിച്ച് മൂന്നു വര്‍ഷമായി ഒരു വിവരവുമില്ല.
മുതിര്‍ന്ന സ്ത്രീകള്‍ക്കു പുറമേ പ്രായം കുറഞ്ഞവരുമുള്ളതായി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. മാവോയിസ്റ്റ് ദിനാചരത്തില്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നതും സ്ത്രീകള്‍ തന്നെയാണ്. വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള ആയുധ പരിശീലനത്തിലും ഇവര്‍ പങ്കെടുക്കുന്നുണ്ട്. മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ കീഴില്‍ 43 ഗറില്ലാ പോരാളികളുണ്ടെന്നാണ് നിഗമനം. പാലക്കാട്, നിലമ്പൂര്‍ വനമേഖലകളെയാണ് ക്യാംപിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
മാവോയിസ്റ്റുകളുടെ പരേഡിലും ആയുധം ഉപയോഗിക്കുന്നതിലുമെല്ലാം മികവുള്ളവരാണ് സ്ത്രീകളും. അജിതയും സുന്ദരിയും കൂടുതല്‍ സ്ഥലങ്ങളില്‍ മുഖം കാണിക്കുന്നില്ല. മാവോയിസ്റ്റ് ദിനാചരണ ചടങ്ങ് രാജന്‍ ചിറ്റിലപ്പള്ളിയും അജിതയും ഒപ്പം വീക്ഷിക്കുന്നുണ്ട്. വിക്രം ഗൗഡയും രാജനും അജിതയും വേദിയില്‍ പ്രത്യക്ഷപ്പെടുന്നതു ദിനാചരണത്തില്‍ മാത്രമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേ മാവോയിസ്റ്റുകള്‍ തയാറാക്കിയ ഡിജിറ്റല്‍ ദൃശ്യങ്ങളില്‍ എല്ലാവരും പുതുമുഖങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."