തൈക്കുടം തൂക്കുപാലം തുരുമ്പെടുത്ത് നശിക്കുന്നു
ചാലക്കുടി പുഴയുടെ ഇരു കരകളിലുള്ള രണ്ട് ദേശക്കാരുടേയും ചിരകാല അഭിലാഷമായിരുന്ന തൂക്കുപാലം യാഥാര്‍ഥ്യമായത് 2013 ലാണ്
മാള: അന്നമനട ഗ്രാമപഞ്ചായത്തിലെ തൈക്കുടം പ്രദേശത്തെയും കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ പാറക്കടവ് പ്രദേശത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തൈക്കൂടം തൂക്കുപാലം തുരുമ്പെടുത്ത് നശിക്കുന്നു. ഒന്നിലേറെ ഭാഗങ്ങളില്‍ തുരുമ്പെടുത്ത് ദ്രവിച്ചിട്ടുണ്ട്.
തൂക്കുപാലത്തിന്റെ കൈവരിയായ ഇരുമ്പ് പൈപ്പുകള്‍ തുരുമ്പെടുത്ത് വേര്‍പെട്ട അവസ്ഥയിലാണ്. കൂടുതല്‍ ഭാഗങ്ങളിലേക്ക് തുരുമ്പ് വ്യാപിക്കുന്നതോടെ തൂക്കുപാലം അപകട ഭീഷണിയിലാകും.
ചാലക്കുടി പുഴയുടെ ഇരു കരകളിലുള്ള രണ്ട് ദേശക്കാരുടേയും ചിരകാല അഭിലാഷമായിരുന്ന തൂക്കുപാലം യാഥാര്‍ഥ്യമായത് 2013 ലാണ്. പാലം യാഥാര്‍ഥ്യമായതോടെ കാടുകുറ്റി, അന്നമനട ഗ്രാമപഞ്ചായത്തുകളിലെ ആളുകള്‍ക്ക് ഗതാഗതം ഏറെ സുഗമമായിതീര്‍ന്നു.
ചാലക്കുടി പുഴക്ക് കുറുകെയുള്ള മനോഹരമായ തൂക്കുപാലം കാണുന്നതിനായി നിരവധി ആളുകള്‍ ദിനേ ഇവിടെ എത്തുന്നുണ്ട്. തൂക്കുപാലത്തിലൂടെ നടന്ന് പുഴയുടെ ഭംഗി ആസ്വദിക്കാനും സാധിക്കും. കൊച്ചി ആസ്ഥാനമായുള്ള കേരള എലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനിയറിങ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനമാണ് പാലത്തിന്റെ നിര്‍മാണം നടത്തിയത്.
നിര്‍മാണത്തിന് ഉപയോഗിച്ച മെറ്റീരിയല്‍ നിലവാരം കുറഞ്ഞതായതിനാലാണ് ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുന്‍പ് തൂക്കുപാലം തുരുമ്പെടുത്ത് നശിക്കാന്‍ കാരണമെന്ന ആക്ഷേപം ഉയരുന്നുണ്ട്. തൈക്കുടം തൂക്കുപാലം നിര്‍മാണത്തില്‍ ഉണ്ടായിട്ടുള്ള അഴിമതി സംബന്ധിച്ച് അന്വേഷിക്കണമെന്നും തൂക്കുപാലം അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കാന്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."