കുരുന്നു കൂട്ടുകാരുടെ കൈത്താങ്ങില്‍ ആദിത്യന് സ്‌നേഹ വീടുയരുന്നു
പൂച്ചാക്കല്‍:ദുരിതം പേറുന്ന ആദിത്യന്റെ കുടുംബത്തിന് സഹപാഠികള്‍ തുണയാകുന്നു. മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യന്റെ കടുംബത്തിനാണ് കൂട്ടുകാരുടെ ശ്രമഫലമായി വീട് നിര്‍മിച്ച് നല്‍കുന്നത്.
സ്‌കൂളിലെ വിദ്യാര്‍ഥി കൂട്ടായ്മയായ തെരേസ്യന്‍ ആര്‍മിയുടെ നേതൃത്വത്തിലാണ് സഹപാടിക്കൊരു സുരക്ഷിതഭവനം പദ്ധതി സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ ഉളവെയ്പില്‍ ആദിത്യന്റെ കുടുംബത്തിന് നിര്‍മിക്കുന്ന വീടിന് ആഗസ്റ്റ് ഇരുപത്തിരണ്ടിനാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ വീണ എന്‍ മാധവന്‍ തറക്കല്ലിട്ടത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദിത്യന്റെ പിതാവ് മരണപ്പെട്ടിരുന്നു.അപൂര്‍വ്വ രോഗത്താല്‍ അരക്ക് താഴെ തളര്‍ന്ന അമ്മ ശശികലയും പ്ലസ് വണ്‍ വിദ്യാര്‍ഥിനി സഹോദരി അഞ്ജനയും അടങ്ങുന്ന ആദിത്യന്റെ കുടുംബം ഉളവെയ്പ് അംബേദ്കര്‍ കോളനിയില്‍ അടച്ചുറപ്പില്ലാത്ത ഷെഡിലായിരുന്നു താമസം. കുടുംബം പോറ്റാന്‍ വെളുപ്പിന് പത്രവിതരണം നടത്തിയ ശേഷമാണ് അഞ്ജന സ്‌കൂളില്‍ പോകുന്നത്.കഷ്ടത അനുഭവിക്കുന്ന ആദിത്യന്റെ കുടുംബത്തെക്കുറിച്ച് സുപ്രഭാതം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുട്ടികൂട്ടായ്മ ഏറ്റെടുത്ത് വീട് നിര്‍മിച്ചത് ചതുപ്പ് സ്ഥലത്ത് ആയതിനാല്‍ തറ ഒരുക്കാന്‍ തന്നെ നല്ലൊരു തുക മുടക്കേണ്ടിവന്നു. നിത്യേനയെന്നോണം സഹപാഠികളും അധ്യാപകരും സ്ഥലത്തെത്തി തങ്ങളാല്‍ കഴിയുന്ന സേവനം ചെയ്തിരുന്നു.
എട്ട് ലക്ഷം രൂപയാണ് നിര്‍മാണ ചെലവായി കണ്ടിരുന്നതെങ്കിലും നിലവില്‍ 10.5 ലക്ഷം രൂപ ചെലവായിക്കഴിഞ്ഞു. 600 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടാണ് നിര്‍മാണം പൂര്‍ത്തിയായത്. ഈ കാരുണ്യ പ്രവര്‍ത്തനത്തിന് പുറത്തു നിന്നും ധാരാളം സഹായങ്ങള്‍ ലഭിച്ചതായി നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അടുത്ത മാസം ആദ്യവാരത്തില്‍ വീടിന്റെ താക്കോല്‍ദാന ചടങ്ങ് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."