കാണികളെ അത്ഭുതപ്പെടുത്തി ബാലമാന്ത്രികന്‍ കണ്ണന്‍മോന്‍
പാലാ: വനിതാകമ്മിഷന്‍ അംഗം ഡോ. പ്രമീളാദേവി പെണ്‍കുട്ടിയുടെ 'മാല പൊട്ടിച്ചു'; സംഭവത്തിന് സാക്ഷ്യം വഹിച്ച് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷും നൂറുകണക്കിന് ജനങ്ങളും. ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ ഉത്സവ ഭാഗമായി ബാലമാന്ത്രികന്‍ കണ്ണന്‍മോന്‍ അവതരിപ്പിച്ച സൂപ്പര്‍ മിറക്കിള്‍ മാജിക് ഷോയില്‍ പങ്കെടുത്തുകൊണ്ടാണ് വനിതാ കമ്മിഷന്‍ അംഗം ഡോ.പ്രമീളാദേവി സദസില്‍ നിന്നും വന്ന ഒരു പെണ്‍കുട്ടിയുടെ മുത്തുമാല പൊട്ടിച്ചത്. ബാലതാരം മീനാക്ഷിയായിരുന്നു വനിതാ കമ്മീഷന്‍ അംഗത്തിന്റെ സഹായി.
അടുത്ത ഒരു മായാജാല പ്രകടനത്തില്‍ ഡോ.പ്രമീളാദേവി, ബേബി മീനാക്ഷി, ഷൈനി സന്തോഷ് എന്നിവരെക്കൂടി മജീഷ്യരാക്കുകയാണെന്ന പ്രഖ്യാപനത്തോടെയാണ് കണ്ണന്‍മോന്‍ സദസില്‍ നിന്നും മുത്തുമാലയണിഞ്ഞ പെണ്‍കുട്ടികളെ ക്ഷണിച്ചത്. പള്ളിക്കത്തോട് സ്വദേശിയായ 11 കാരി സാന്ദ്രയാണ് മുത്തുമാലയുമായി കടന്നുവന്നത്. മാല വാങ്ങിയ ഡോ. പ്രമീളാദേവി ഇതിലെ മുത്തുകള്‍ ഓരോന്നും പൊട്ടിച്ചെടുത്തു. തുടര്‍ന്ന് മജീഷ്യന്‍ നല്‍കിയ നിര്‍ദേശത്തോടെ ഇവര്‍ മാന്ത്രിക വടി ചുഴറ്റി. ഞൊടിയിടയില്‍ പൊട്ടിമാറിയ മുത്തുകള്‍ ഒന്നായി കൊരുത്ത് വീണ്ടും മാലയായി. കാണികള്‍ അത്ഭുതാവേശത്തോടെ മജീഷ്യന്‍ കണ്ണന്‍ മോനും പരിപാടിയുടെ മുഖ്യാതിഥികളായെത്തിയ ഡോ. പ്രമീളാദേവി, ബേബി മീനാക്ഷി, ഷൈനി സന്തോഷ് എന്നിവര്‍ക്കും കൈയടിയുടെ പിന്തുണയേകി.
സിനിമാ താരം ബേബി മീനാക്ഷിയെ അഞ്ചുമിനിറ്റോളം ശൂന്യതയില്‍ നിര്‍ത്തിയ മജീഷ്യന്‍ കണ്ണന്‍മോന്‍ പുതിയൊരു മാന്ത്രിക ഇനവും അവതരിച്ചു. 'മാറ്ററോള്‍ മിസ്റ്ററി എസ്‌കേപ്പ് ' എന്ന ഈ മായാജാല പ്രകടനത്തില്‍ കണ്ണന്‍മോനെ പുല്‍പ്പായയില്‍ പൊതിഞ്ഞുകെട്ടി. ഡോ. പ്രമീളാദേവി, ബേബി മീനാക്ഷി, ഷൈനി സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് പായ വരിഞ്ഞുകെട്ടിയത്. ഒരു മിനിട്ടിനുള്ളില്‍ സദസ്യര്‍ക്കിടയില്‍ നിന്ന് വിസ്സില്‍ മുഴക്കി മജീഷ്യന്‍ ഏറ്റപ്പോള്‍ വിശിഷ്ടാതിഥികള്‍ ഉള്‍പ്പെടെയുള്ള കാണികള്‍ അത്ഭുത പരതന്ത്രരായി.
10 വയസ്സല്‍ താഴെയുള്ള ഒരു മജീഷ്യന്‍ മാറ്ററോള്‍ മിസ്റ്ററി എസ്‌കേപ്പ് നടത്തുന്നത് മാജിക് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ്. വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ മജീഷ്യന്‍ കണ്ണന്‍മോന്‍ ഇതിനോടകം നൂറില്‍പരം വേദികളില്‍ മായാജാല പ്രകടനം നടത്തിയിട്ടുണ്ട്. ഏഴാച്ചേരി തുമ്പയില്‍ സുനില്‍കുമാര്‍ - ശ്രീജ ദമ്പതികളുടെ മകനാണ്. പ്രമുഖ മജീഷ്യന്‍ കോട്ടയം ജയദേവിന്റെ ശിഷ്യനാണ് കണ്ണന്‍മോന്‍. കാവിന്‍പുറം ക്ഷേത്രത്തില്‍ സൂപ്പര്‍ മിറക്കിള്‍ മാജിക് ഷോ നടത്തിയ കണ്ണന്‍മോന് ഡോ. പ്രമീളാദേവി, ബേബി മീനാക്ഷി, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍ സുകുമാരന്‍ നായര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."