സ്‌പെഷലിസ്റ്റ് അധ്യാപകരെ നിയമിക്കുന്നതില്‍ ക്രമക്കേട്
കാസര്‍കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍ യു.പി സ്‌കൂളുകളില്‍ സ്‌പെഷലിസ്റ്റ് അധ്യാപകരെ നിയമിക്കുന്നതില്‍ വ്യാപകമായ ക്രമക്കേടും അഴിമതിയും നടത്തിയതായി ആരോപണം. ഭരണപക്ഷ പാര്‍ട്ടി നല്‍കിയ പട്ടിക പ്രകാരമാണ് മുഴുവന്‍ നിയമനം നടക്കുന്നതെന്നാണ് കേരള പ്രദേശ് ടീച്ചേഴ്‌സ് അസോസിയേഷന്റെ ആരോപണം.
2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം 100ല്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന യു.പി സ്‌കൂളിലും 150 ല്‍ കൂടുതലുള്ള എല്‍.പി സ്‌കൂളിലുമാണ് സ്‌പെഷലിസ്റ്റ് അധ്യാപകരെ നിയമിക്കുന്നത്.
കേരള വിദ്യാഭ്യാസ നിയമം അനുശാസിക്കുന്ന നിശ്ചിത യോഗ്യതയും 50ല്‍ കുറവ് പ്രായമുള്ള പി.എസ്.സി ലിസ്റ്റിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെ യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ നിയമനം നടത്തണമെന്നുമാണ് ഉത്തരവുണ്ടായത്.
സംസ്ഥാനത്ത് 2514 പേരെയാണ് നിയമിക്കേണ്ടത്. എന്നാല്‍ എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഉയര്‍ന്ന യോഗ്യതയുള്ളവരെ തഴഞ്ഞുമാണ് നിയമനം നടത്തിയിരിക്കുന്നത്. അഭിമുഖം പൂര്‍ത്തിയായവര്‍ക്ക് അടുത്തമാസം മൂന്നിനകം ജോലിയില്‍ പ്രവേശിക്കാന്‍ കത്തും നല്‍കിയിരിക്കുകയാണ്. കോടതി അവധിയായതിനാല്‍ പല ഉദ്യോഗാര്‍ഥികള്‍ക്കും അപ്പീല്‍ നല്‍കാനാകുന്നുമില്ല.
സര്‍വ യോഗ്യതാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തി ഭരണ കക്ഷി ഓഫിസില്‍ നിന്ന് തയ്യാറാക്കിയ പട്ടികയാണ് എസ്.എസ്.എ അംഗീകരിച്ചിരിക്കുന്നതെന്ന് അസോസിയേഷന്‍ ആരോപിച്ചു. സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണമെന്നാവശ്യപ്പെട്ട് അടുത്തമാസം 10 നു എസ്.എസ്.എ ഡയരക്ടറുടെ ഓഫിസിലേക്ക് മാര്‍ച്ചുനടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഹരിഗോവിന്ദന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."