കമ്മിറ്റികളിലെ അനൈക്യം: ജില്ലാ കലോത്സവത്തില്‍ തുടക്കത്തിലേ കല്ലുകടി
തിരൂര്‍: ഇരുപത്തൊന്‍പതാമതു മലപ്പുറം റവന്യൂ ജില്ലാ കലോത്സവ നടത്തിപ്പിനു രൂപവല്‍ക്കരിച്ച കമ്മിറ്റികള്‍ തമ്മിലുള്ള ഏകോപനക്കുറവ് കാരണം തുടക്കത്തിലേ കല്ലുകടി. കലോത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കാര്യമായ പ്രചാരണ പ്രവര്‍ത്തനങ്ങളുമില്ലാത്ത സ്ഥിതിയാണ്.
പന്തല്‍ കാല്‍നാട്ടല്‍ കര്‍മം പ്രോഗ്രാം, പ്രചാരണ കമ്മിറ്റികള്‍ പോലും അറിയാതെയാണ് നടത്തിയതെന്നും ഇതിനകംതന്നെ ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. സ്വാഗതസംഘ രൂപവല്‍ക്കരണം മുതല്‍തന്നെ ഉടലെടുത്ത പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായതു കലാമേളയുടെ നടത്തിപ്പിനെതന്നെ സാരമായി ബാധിക്കുമോയെന്ന ആശങ്കപോലുമുണ്ട്. എന്നാല്‍, പ്രശ്‌നപരിഹാരത്തിന് ഉത്തരവാദപ്പെട്ടവര്‍ ഇടപെടാതെ മാറിനില്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് കലാമേള അരങ്ങേറുന്നത് എന്നതല്ലാതെ വേദികള്‍ എവിടെയാണെന്നതു സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ജില്ലാ കലോത്സവ വിവരങ്ങള്‍ മുന്‍കൂട്ടി മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കാന്‍ കാര്യക്ഷമമായ പ്രവര്‍ത്തനമില്ലെന്നതാണ് ഈ പോരായ്മകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം അരീക്കോടും അതിനു മുന്‍പു കോട്ടക്കലിലും ജില്ലാ കലോത്സവം നടന്നപ്പോള്‍ പത്തു ദിവസത്തിനു മുന്‍പുതന്നെ പ്രചാരണം സജീവമായിരുന്നു.
എന്നാല്‍, തിരൂരിലെ കലോത്സവത്തിനു വളരെ കുറച്ചു ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണ പരിപാടികള്‍ തുടങ്ങിയിട്ടു പോലുമില്ല. ഇതിനെതിരേ അധ്യാപകര്‍തന്നെ കടുത്ത അതൃപ്തിയിലാണ്. കലോത്സവ നഗരിയെ ഇനിയെങ്കിലും സജീവമാക്കാന്‍ ഡി.ഡി.ഇ അടക്കമുള്ളവര്‍ ഇടപെടണമെന്നാണ് ആവശ്യം. ഇതിനു മുന്‍പു രണ്ടു തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവം അതിഗംഭീരമായി തിരൂരില്‍ നടത്തി വിജയിപ്പിച്ചത് ഓര്‍മപ്പെടുത്തിയാണ് ജില്ലാ കലോത്സവ നടത്തിപ്പിലെ അവതാളത്തെ കലാപ്രേമികള്‍ ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."