മന്ത്രിമാരുടെ പേഴ്‌സണല്‍സ്റ്റാഫില്‍ കയറിപ്പറ്റാന്‍ ചരടുവലി സജീവം
കൊച്ചി: മന്ത്രിസഭയുടെ ഘടനയും മന്ത്രിമാരെയും തീരുമാനിച്ചതോടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇടംപിടിക്കാനുള്ള ചരടുവലി ഉദ്യോഗസ്ഥര്‍ക്കിടയിലും പാര്‍ട്ടിനേതാക്കള്‍ക്കിടയിലും സജീവമായി. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കയറിപ്പറ്റാനുള്ളവരുടെ ക്യൂ വലുതായതോടെ സി.പി.എമ്മും സി.പി.ഐയും പേഴ്‌സണല്‍സ്റ്റാഫിന് മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കാന്‍ തീരുമാനിച്ചു. മന്ത്രിമാരുടെയും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരുടെയും സ്റ്റാഫുകളുടെ എണ്ണം പരമാവധി 25 വരെ മതിയെന്ന് ഇരുപാര്‍ട്ടികളും ധാരണയിലെത്തി. യു.ഡി.എഫ് സര്‍ക്കാരില്‍ ഇത് 30ഉം 35ഉം വരെയായിരുന്നു. കൂടുതല്‍ പേരെയും സര്‍ക്കാര്‍ സര്‍വിസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എടുക്കുകയാണെങ്കില്‍ ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നാണു പാര്‍ട്ടിനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പേഴ്‌സണല്‍ സ്റ്റാഫിലേക്കുള്ളവരെ പാര്‍ട്ടി ജില്ലാകമ്മിറ്റികളുടെ നിര്‍ദേശം പരിഗണിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റി ശുപാര്‍ശചെയ്യാനാണു തീരുമാനം. വയസ്, വിദ്യാഭ്യാസയോഗ്യത എന്നിവയുടെ കാര്യത്തില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കണമെന്നാണ് ഇരു പാര്‍ട്ടികളുടെയും നേതൃയോഗത്തിലുണ്ടായ ധാരണ. എസ്.എസ്.എസ്.എല്‍.സി പാസാകാത്തവരെയും 58 വയസിനു മുകളിലുള്ളവരെയും എടുക്കേണ്ടെന്നു സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അഭിപ്രായം ഉയര്‍ന്നു. ഇന്നുചേരുന്ന സംസ്ഥാന കൗണ്‍സില്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. സി.പി.എമ്മും വയസിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ കണിശത പാലിക്കണമെന്നു തീരുമാനിച്ചിട്ടുണ്ട്.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇടംപിടിക്കാന്‍ ഇടത് അനുകൂല സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുടെ നേതാക്കള്‍ ശുപാര്‍ശകളുമായി പാര്‍ട്ടിയെ സമീപിച്ചിരിക്കുകയാണ്. മുന്‍പ് പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ട് പെന്‍ഷന്‍ അര്‍ഹത നേടിയവരെ വീണ്ടും ആക്കേണ്ടതില്ലെന്ന നിര്‍ദേശം സി.പി.ഐയില്‍ ഉയര്‍ന്നു. മന്ത്രിമാര്‍ നാലുപേരും പുതുമുഖങ്ങളായതിനാല്‍ പരിചയസമ്പന്നരായ പേഴ്‌സണല്‍ സ്റ്റാഫ് വേണമെന്ന വാദഗതിയും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്നു ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനം കൈക്കൊള്ളും. ഓരോ നേതാക്കളും തങ്ങളുടെ ഇഷ്ടക്കാരെ പേഴ്‌സണല്‍ സ്റ്റാഫില്‍ തിരുകിക്കയറ്റാനുള്ള നീക്കത്തിലാണ്. ഇതിനിടയിലാണ് ഉദ്യോഗസ്ഥരുടെ ചരടുവലികളും നേതാക്കളുടെ മനസില്‍ ഇടംനേടാനുള്ള തന്ത്രങ്ങളും. ഇടതുമുന്നണിയിലെ മറ്റു ഘടകകക്ഷി നേതാക്കളുടെ പേഴ്‌സണല്‍ സ്റ്റാഫിലും ഇടംപിടിക്കാന്‍ പാര്‍ട്ടിതലത്തില്‍ വലിയൊരു ലിസ്റ്റാണ് ഒരുങ്ങിയിരിക്കുന്നത്. പ്രധാനകക്ഷികളായ സി.പി.എമ്മും സി.പി.ഐയും പേഴ്‌സണല്‍സ്റ്റാഫിന്റെ എണ്ണം പരിമിതപ്പെടുത്തുമ്പോള്‍ ചെറുകക്ഷികള്‍ക്ക് അതു തിരിച്ചടി കൂടിയാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."