ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെ എലിവേറ്റഡ് ഹൈവേ; സാധ്യത പഠിക്കാന്‍ നിര്‍ദേശം
കാക്കനാട്: ദേശീയപാത 17ല്‍ ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെ 25 കിലോമീറ്ററില്‍ ഏറ്റെടുത്തിട്ടുള്ള 30 മീറ്റര്‍ സ്ഥലത്ത് എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനുള്ള സാധ്യത പഠിക്കാന്‍ നിര്‍ദേശം.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കൂടിയ നാഷണല്‍ ഹൈവേ അതോറിട്ടി യോഗത്തില്‍ എം.എല്‍.എമാരാണ് എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. ദേശീയപാതയുടെ മുകളിലൂടെ നാലുവരി എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നതിലൂടെ ഭൂമി ഏറ്റെടുക്കലും കുടിയൊഴിക്കലും 90 ശതമാനം കുറയ്ക്കാനാകുമെന്നു ദേശീയപാത 17, 47 സംയുക്ത സമരസമിതി മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ജനപ്രതിനിധികള്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണത്തിനുള്ള സാധ്യത പഠിക്കാന്‍ നിര്‍ദേശിച്ചത്.
ഹൈവേക്ക് ഇരു വശത്തുമായി 15 മീറ്റര്‍ കൂടി ഏറ്റെടുക്കാന്‍ ഹൈവേ അതോറിട്ടി ആവശ്യപ്പെട്ടത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതെത്തുടര്‍ന്ന്് സ്ഥലമെടുപ്പും ഹൈവേ നിര്‍മാണവും തടസ്സപ്പെട്ടിരിക്കുകയാണ്.
പാതയോരത്തെ നിലവിലെ നിര്‍മിതികള്‍ തകര്‍ത്ത് ജനങ്ങളെ വഴിയാധാരമാക്കുന്നതിനേക്കാള്‍ നല്ലത് ബദല്‍ ആണെന്നാണ് ജനപ്രതിനിധികള്‍ നിര്‍ദേശിക്കുന്നത്.
ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള നാല് നിയോജക മണ്ഡലങ്ങളിലെ എം.എല്‍.എമാരുടെ യോഗമാണ് സിവില്‍ സേറ്റഷനിലെ സ്ഥലമെടുപ്പ് വിഭാഗം വെള്ളിയാഴ്ച വിളിച്ചു ചേര്‍ത്തത്. എം.എല്‍.എമാരായ വി.ഡി.സതീശന്‍, ഹൈബി ഈഡന്‍, പി.ടി.തോമസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വി.കെ.ഇബ്രാഹിം കുഞ്ഞ്് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍.പി.ജോസഫ്, നാഷണല്‍ ഹൈവേ അതോറിട്ടി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."