കണ്ണൂരിന് 60; പ്രതീക്ഷയുടെ പുതുചുവട് 2017
2017 ജനുവരി ഒന്നിന് അറുപതു വയസ് തികയുമ്പോള്‍ നാളിതുവരെയുള്ള നേട്ടങ്ങളോടെയാണ് ഈ പുതുവര്‍ഷത്തെ കണ്ണൂര്‍ വരവേല്‍ക്കുക. അറുപതാണ്ടിന്റെ നെറുകയില്‍ അഭിമാനത്തോടെ നില്‍ക്കുന്ന കണ്ണൂരിന്റെ വികസനക്കുതിപ്പിനായിരിക്കും 2017 തുടക്കം കുറിക്കുക. വികസന സ്വപ്‌നങ്ങളില്‍ കണ്ണുംനട്ടിരിക്കുന്ന ജില്ലയ്ക്ക് ഇത്തവണയും വാനോളമാണു പുതുവര്‍ഷ പ്രതീക്ഷകള്‍. സംസ്ഥാനത്തെ വേഗത്തില്‍ വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ഇടംനേടിയപ്പോള്‍ വരാനിരിക്കുന്ന പുത്തന്‍ നേട്ടങ്ങള്‍ക്കായി കാത്തിരിക്കുകയാണു വടക്കേ മലബാറിന്റെ സ്വന്തം കണ്ണൂര്‍
ചിറകുവിരിച്ച് വിമാനത്താവളം
മട്ടന്നൂരിലെ മൂര്‍ഖന്‍പറമ്പില്‍ ആദ്യ വിമാനത്തിന്റെ ചിറകടിക്കായി കാത്തിരിക്കുകയാണു കണ്ണൂര്‍ ജനത. 2017 വര്‍ഷത്തെ കേരളത്തിന്റെ വലിയ നേട്ടങ്ങളിലൊന്നായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഇതിനകം ഇടംപിടിച്ചുകഴിഞ്ഞു. 4000 മീറ്റര്‍ റണ്‍വേയ്ക്കായി സ്ഥലമെടുപ്പ് നടപടി പുരോഗമിക്കുന്ന വിമാനത്താവളം 3400 മീറ്റര്‍ റണ്‍വേയില്‍ വരുന്ന മേയിലോ ജൂണിലോ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു വിമാനത്താവള നടത്തിപ്പുകാരായ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) അധികൃതരും കരാറുകാരായ എല്‍ ആന്‍ഡ് ടി കമ്പനിയും.
ഓളപ്പരപ്പില്‍ അഴീക്കല്‍ തുറമുഖം
അഴീക്കല്‍ തുറമുഖ നിര്‍മാണം വേഗത്തിലാക്കാന്‍ 500 കോടിയാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ അനുവദിച്ചത്. ചരക്കുഗതാഗതത്തിന്റെ 20 ശതമാനം കടലിലൂടെയാക്കി മാറ്റുന്നതിന്റെ ഭാഗമായി അഴീക്കല്‍ തുറമുഖം ചരക്കുകടത്തിനു സജ്ജമാക്കും. മേജര്‍ തുറമുഖമായി അഴീക്കലിനെ മാറ്റുന്നതിനായി ആഴംകൂട്ടല്‍ പ്രവൃത്തി ഇതിനകം പുരോഗമിക്കുകയാണ്. ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വിസ് ആരംഭിക്കാനുള്ള പദ്ധതിയാണു വരുംവര്‍ഷത്തെ പ്രതീക്ഷ. ലക്ഷദ്വീപ് പോര്‍ട്ട് ഓഫിസ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം അഴീക്കല്‍ തുറമുഖ പ്രദേശത്ത് ആരംഭിക്കുന്നതോടെ ടൂറിസ്റ്റുകളെയും വഹിച്ച് അഴീക്കലില്‍ നിന്നുള്ള കപ്പല്‍ സര്‍വിസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണു പോര്‍ട്ട് അധികൃതരും.
നാലാം പ്ലാറ്റ്‌ഫോം ചൂളംവിളി
ട്രെയിന്‍ യാത്രക്കാരുടെ ഏറെകാലത്തെ ആവശ്യങ്ങളിലൊന്നാണു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോം. കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ അനുവദിക്കുമെന്നായിരുന്നു റെയില്‍വേ അധികൃതരുടെയും പാസഞ്ചേഴ്‌സ് അസോസിയേഷനുകളുടെയും പ്രതീക്ഷ. എന്നാല്‍ കൈവിട്ടുപോയ നാലാം പ്ലാറ്റ്‌ഫോം പുതുവര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ ഉണ്ടാകുമെന്നു എം.പിയും റെയില്‍വേ ഡിവിഷണല്‍ മാനേജരും പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
ശുഭപ്രതീക്ഷയില്‍ കായികരംഗം
ജില്ലയില്‍ നിന്നു കായിക ഭൂപടത്തില്‍ ജിമ്മി ജോര്‍ജിന്റെ പേരില്‍ കണ്ണൂര്‍ ആസ്ഥാനത്ത് ഇന്‍ഡോര്‍ സ്‌റ്റേഡിയം സ്ഥാപിക്കാനും കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ വികസനത്തിനും ബജറ്റില്‍ തുക നീക്കിവച്ചിണ്ടുണ്ട്. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം നവീകരണത്തിനു 10 കോടിയും നീക്കിവച്ചു. ആറുകോടി രൂപ വകയിരുത്തി കണ്ണൂര്‍ സര്‍വകലാശാലയുടെ സിന്തറ്റിക് ട്രാക്കും തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ കേന്ദ്ര സഹായത്തോടെ വരുന്ന സിന്തറ്റിക് ട്രാക്കും കായിക ഭൂപടത്തിലെ ജില്ലയുടെ പ്രതീക്ഷകളാണ്.
മീര്‍ മുഹമ്മദലി, ജില്ലാ കലക്ടര്‍
2017ല്‍ എല്ലാവരും പരിസ്ഥിതി പ്രേമികളാവണാവണമെന്നാണു കലക്ടര്‍ എന്ന നിലയില്‍ കണ്ണൂരുകാര്‍ക്ക് എനിക്കു നല്‍കാനുള്ള പുതുവത്സര സന്ദേശം. മാലിന്യമില്ലാത്ത സമൂഹം കെട്ടിപ്പടുക്കാനുള്ള ആദ്യ ചുവടായിരിക്കണം പുതുവത്സര പ്രതിജ്ഞ. മാലിന്യമില്ലാത്ത നാടിനെ സൃഷ്ടിക്കാനുള്ള ശ്രമം സ്വന്തം ജീവിതത്തിലും കൊണ്ടുവരണം. 2016ല്‍ ആരംഭിച്ച മാലിന്യമില്ലാത്ത കണ്ണൂരിനായുള്ള ശ്രമം തന്റെ ജീവിതത്തിലും കൊണ്ടുവരും. വിദ്യാര്‍ഥികള്‍ തങ്ങള്‍ക്കു ലഭിച്ച അറിവ് മറ്റുള്ളവര്‍ക്കു പകര്‍ന്നുനല്‍കാന്‍ തയാറാകണം. എന്നാലേ പ്രതിബദ്ധതയുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയൂ.
സലീം അഹമ്മദ്, സംവിധായകന്‍
കണ്ണൂര്‍ വിമാനത്താവളമാണു മട്ടന്നൂരുകാരന്‍ എന്ന നിലയില്‍ 2017ല്‍ എന്റെ പ്രതീക്ഷ. തന്നെ പോലെ ഒരുപാട് യാത്രചെയ്യുന്നവര്‍ ഒരുപാട് പ്രതീക്ഷയിലാണ്. സിനിമാ പ്രവര്‍ത്തകര്‍ക്കും വിമാനത്താവളം പ്രതീക്ഷ പകരുന്നു. വിമാനത്താവളം തുറക്കുന്നതോടെ ഇവിടേക്കു ഷൂട്ടിങ് പ്ലാന്‍ ചെയ്യാനും മലയോര ഗ്രാമങ്ങളെ സിനിമയിലൂടെ കാണിക്കാന്‍ പറ്റും. കുടകിലെയും വയനാട്ടിലെയും ടൂറിസവും വളരും. കണ്ണൂര്‍ ജില്ലയുടെ ടൂറിസം രംഗത്ത് വലിയ മാറ്റങ്ങളാണു വിമാനാത്തവളത്തിലൂടെ കടന്നുവരിക. സിനിമയ്ക്കുള്ളിലെ സിനിമയാണു 2017ലെ തന്റെ പ്ലാന്‍.
മുഹമ്മദ് മുനവിര്‍, സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാംറാങ്ക് ജേതാവ്
പുതുവര്‍ഷത്തില്‍ ടെന്‍ഷനില്ലാതെ എന്‍ട്രന്‍സ് പരീക്ഷയെ സമീപിക്കാന്‍ ജില്ലയിലെ നമ്മുടെ കൂട്ടുകാര്‍ക്കു കഴിയണം. നീറ്റ് പരീക്ഷ വഴി റാങ്ക് തന്നെ ലക്ഷ്യമിട്ട് എല്ലാവരും മുന്നൊരുക്കം നടത്തണം. കൂടുതല്‍ ചോദ്യപേപ്പറുകള്‍ സോള്‍വ് ചെയ്‌തെടുക്കണം. സ്‌ക്വാഡുകളായി തിരിഞ്ഞ് പഠനത്തെ സമീപിച്ചാല്‍ വിജയം ഉറപ്പായിരിക്കും.
സി.കെ വിനീത്, ഫുട്‌ബോളര്‍
2016ല്‍ നഷ്ടപ്പെട്ടുപോയ രണ്ടു കപ്പുകള്‍ തിരിച്ചെടുക്കുകയാണു പ്രധാന ലക്ഷ്യം. 2017ല്‍ ഐ.എസ്.എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കുകയാണെങ്കില്‍ നഷ്ടപ്പെട്ടുപോയ കിരീടം തിരിച്ചുകൊണ്ടുവരണം. ഇന്ത്യന്‍ ടീമില്‍ ടോപ്പറായി സ്ഥാനമുറപ്പിക്കുകയാണു മറ്റൊരു ലക്ഷ്യം. ഐ.എസ്.എലിന്റെ വരവോടെ ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്ന കേരള ഫുട്‌ബോളിന്റെ പ്രതാപം നിലനിര്‍ത്താന്‍ കായിക പ്രേമികളും മുന്‍കൈയെടുക്കണം.
സയനോര ഫിലിപ്പ്, ഗായിക
കണ്ണൂര്‍ പ്രശ്‌നബാധിത ജില്ലയാണെന്ന മറ്റു ജില്ലക്കാരുടെ തോന്നല്‍ മാറ്റാനുള്ളതിന്റെ 2017ലെ ആദ്യ തുടക്കമാകട്ടെ സംസ്ഥാന സ്‌കൂള്‍ കലോത്സവം. കണ്ണൂരുകാര്‍ മനസില്‍ നന്മ സൂക്ഷിക്കുന്നവരാണെന്നു തെളിയിക്കാനുള്ള ഉത്തരമാകണം ഏഴുദിവസത്തെ കലോത്സവം. നല്ല സന്തോഷത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. പുതുവര്‍ഷത്തെ വരുന്നിടിത്ത് കാണാമെന്ന പ്രതീക്ഷയാണുള്ളത്. കണ്ണൂരുകാരിയായതു കൊണ്ട് മനസില്‍ ടെന്‍ഷന്‍ ഫ്രീയാണ്. കരിയറില്‍ മനസറിഞ്ഞ് പെര്‍ഫോം ചെയ്യാറുണ്ട്. അതു 2017ലും ആവര്‍ത്തിക്കും.
മുഖംമിനുക്കാന്‍ പാതകള്‍; കുരുക്കഴിക്കാന്‍ മേല്‍പ്പാലങ്ങള്‍
നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്കു തലശ്ശേരി-കൊടുവള്ളി-പിണറായി അഞ്ചരക്കണ്ടി വഴിയുള്ള നാലുവരിപ്പാതയ്ക്കു 50 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച സാഹചര്യത്തില്‍ ജില്ലയിലെ ആദ്യ നാലുവരിപ്പാതാ പ്രവര്‍ത്തനത്തിനു പുതുവര്‍ഷത്തില്‍ തുടക്കമിടുമെന്നു പ്രതീക്ഷിക്കാം. കണ്ണൂര്‍ നഗരത്തിലെ കുരുക്കഴിക്കാന്‍ മേലെചൊവ്വ, തെക്കിബസാര്‍ ജങ്ഷനുകളില്‍ മേല്‍പ്പാലത്തിനു 30 കോടി കിട്ടിയ സാഹചര്യത്തില്‍ ഇനി പ്രവര്‍ത്തി വേഗത്തിലാക്കണം.
അവസാന മിനുക്കുപണിയിലാണ് കെ.എസ്.ടി.പി പദ്ധതിയായ പിലാത്തറ-പാപ്പിനിശ്ശേരി റേഡ് നിര്‍മാണം. രണ്ടു റെയില്‍വേ മേല്‍പാലങ്ങളോടെയാണു പിലാത്തറ-പാപ്പിനിശ്ശേരി റോഡ് പ്രവൃത്തി നടക്കുന്നത്. മറ്റൊരു പദ്ധതിയായ തലശ്ശേരി-വളവുപാറ റോഡ് പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയണ്. ഇതിനു വേഗത കൈവരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."