പുസ്തക പ്രസാധനം പുതിയ കാലഘട്ടത്തിന്റെ മുന്നേറ്റമാകണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കോട്ടയം: പുസ്തക പ്രസാധനം പുതിയ കാലഘട്ടത്തിലെ ഏറ്റവും വലിയ മുന്നേറ്റമാകണമെന്ന് സഹകരണദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിന് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ നിലനില്‍പും മുന്നേറ്റവും ആവശ്യമാണ്.
സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പുറത്തിറക്കിയ യശശ്ശരീരനായ പി.ജെ. ആന്റണിയുടെ സമ്പൂര്‍ണ കൃതികളുടെ റോയല്‍റ്റി വിതരണവും നവതി ആഘോഷിക്കുന്ന പ്രശസ്ത നിരൂപകന്‍ പ്രൊഫ. എം.കെ. സാനുവിന് ആദരവും നല്‍കുന്ന സമ്മേളനം പൊന്‍കുന്നം വര്‍ക്കി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വായന മരിക്കുന്നു എന്ന ചിന്ത അസ്ഥാനത്താണെന്ന് ഇതു സംബന്ധിച്ചു നടന്ന ഒരു സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. എന്നാല്‍ പുതിയ തലമുറയില്‍ വായനയുടെ ഗൗരവം കുറഞ്ഞിട്ടുണ്ട്.
ആഗ്രഹിക്കുന്നതു മാത്രം പറഞ്ഞില്ലെങ്കില്‍ വിഖ്യാതരായ എഴുത്തുകാരോടു പോലും അസഹിഷ്ണുത പുലര്‍ത്തുന്നവരെ ചെറുക്കുന്നതിന് എഴുത്തുകാര്‍ മുന്നണിപ്പോരാളികളാകണമെന്ന് സമകാലിക സംഭവങ്ങള്‍ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. മലയാള സാഹിത്യം നിലനില്‍ക്കുന്നിടത്തോളം പി.ജെ. ആന്റണിയുടെ യശസ്സ് നിലനില്‍ക്കുമെന്നും എഴുത്തുകാരന്റെ ആഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും മാനിക്കാത്ത ഇക്കാലത്ത് അദ്ദേഹത്തിന്റെ കൃതികള്‍ക്കും ആശയങ്ങള്‍ക്കും പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയ പി.ജെ. ആന്റണിയുടെ കൃതിയുടെ റോയല്‍റ്റി അദ്ദേഹത്തിന്റെ ഭാര്യ ബേബി മേരിക്ക് മന്ത്രി കൈമാറി.
എസ്.പി.സി.എസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എം.കെ. സാനു മറുപടി പ്രസംഗം നടത്തി. പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ അഭിപ്രായ സ്വാതന്ത്യത്തെ ആക്ഷേപിക്കുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കി. സംഘാംഗമായ ചിത്രകാരന്‍ പൊന്നില്‍ ചന്ദ്രന്‍ വരച്ച പെയിന്റിംഗുകള്‍ പ്രൊഫ. എം. കെ. സാനുവിനും ബേബി മേരിക്കും സംഘം സമ്മാനിച്ചു.
ഒരു വര്‍ഷം കൊണ്ട് 4.17 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ വിറ്റഴിച്ചതായി എസ്.പി.സി.എസ് ഡയറക്ടര്‍ എസ.് രമേശന്‍ അറിയിച്ചു. ജനയുഗം സി.എം.ഡി. അഡ്വ. വി.ബി. ബിനു, എസ്.പി.എസ.് സി വൈസ് പ്രസിഡന്റ് പി.വി.കെ. പനയാല്‍, സെക്രട്ടറി അജിത് കെ. ശ്രീധര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ചന്ദ്രമോഹന്‍, ഡോ. പോള്‍ മണലില്‍, തേക്കിന്‍കാട് ജോസഫ്, പി.ജെ. ആന്റണി ഫൗണ്ടേഷന്‍ സെക്രട്ടറി കൃഷ്ണദാസ്, സംഘം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."